ചെറുപ്രായത്തിലേ മുടി നരച്ചോ? ഭക്ഷണമായിരിക്കാം പ്രശ്നം, അകാലനരയെ പ്രതിരോധിക്കാന്‍ ഈ ആഹാരം ശീലിക്കൂ
പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരുടെ മുടി അവരുടെ ചെറു പ്രായത്തിലേ നരക്കാന്‍ തുടങ്ങും. പലരെയും മാനസികമായി പ്രയാസത്തിലാക്കുന്ന കാര്യമാണ് ഈ അകാല നര. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും.
അതിനാല്‍ തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിനുകള്‍ ആവശ്യമാണ്. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മുട്ട: പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ബയോട്ടിനും വിറ്റാമിന്‍ ബിയും ഡിയും അടങ്ങിയ ഇവ തലമുടി വളരാനും അകാലനര പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും.
2. പാലും പാലുല്‍പ്പന്നങ്ങളും: പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ പ്രോബയോട്ടിക്സ്, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഒരുമിച്ച് മെലാനിന്‍ ഉല്‍പാദനത്തെ സഹായിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
3. മത്സ്യം: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ള കഴിക്കാം.
4. നട്സും സീഡുകളും: വിറ്റാമിനുകളും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, ചിയ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. ചെറുപയര്‍: ചെറുപയറില്‍ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.