ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; കുറ്റ്യാടിയിൽ ഒരു സ്ഥാപനം അടപ്പിച്ചു (വീഡിയോ കാണാം)
കുറ്റ്യാടി: കുറ്റ്യാടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയ സോപാനം ഫുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനം അടപ്പിച്ചു.
തിളപ്പിച്ച വെളിച്ചെണ്ണ, ശർക്കര, അരി, കടല പരിപ്പ് എന്നിവ ലോ ഗ്രേഡ് പ്ലാസ്റ്റിക് കവറിലാക്കി ലോ ഗ്രേഡ് പ്ലാസ്റ്റിക് അച്ചുകളിലേക്ക് മാറ്റുന്നതാണ് അവിടെ കണ്ടതെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ജീവനക്കാർ ഹെയർ നെറ്റ് മാസ്ക് എപ്രൺ തുടങ്ങി യാതൊന്നും ഉപയോഗിച്ചിരുന്നില്ല. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഉൽപ്പനങ്ങൾ ഡേറ്റ് തിരുത്തി വിൽക്കുന്നുണ്ടായിരുന്നു.സ്ഥാപനത്തിൽ ഉപയോഗിക്കുന്ന മെഷീനുകൾ വൃത്തി ഹീനമായിരുന്നുവെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
കുറ്റ്യാടിയോടൊപ്പം ജില്ലയിൽ നന്മണ്ട, ബാലുശ്ശേരി, കോഴിക്കോട് സൗത്ത്, നാദാപുരം, എന്നുവിടങ്ങളിലായി 23 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസെൻസ് ഇല്ലാതെയും വ്യത്തിഹീനമായ പ്രവർത്തിച്ചതിനുമാണ് വിവിധ സ്ഥാപനങ്ങൾക്കെതിരെ കോമ്പൗണ്ടിങ്ങ് നടപടി സ്വീകരിച്ചത്.
ലൈസൻസ് ഇല്ലാതെയും വൃത്തിഹീനവുമായി പ്രവർത്തിച്ച സോപാനം സ്വീറ്റ്സ്, വൃത്തിഹീനമായി പ്രവർത്തിച്ച നാദാപുരത്തെ പി.പി കഫെറ്റീരിയ, കായക്കൊടി ശിവദ വെജിറ്റബ്ൾസ്, ആര്യ ദി വെജ്, കോൺവെന്റ് റോഡിലെ കഞ്ഞിപ്പന്തൽ, എക്സ്പയറി ഡേറ്റ് കഴിഞ്ഞ പാൽ വിറ്റ കായക്കൊടിയിലെ വി മാർട്ട് സൂപ്പർമാർക്കെറ്റ് എന്നിവയ്ക്കെതിരെ കോമ്പൗണ്ടിങ്ങ് നടപടി സ്വീകരിച്ചു
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കാരണത്താൽ കായക്കൊടിയിലെ ബാലൻ സ്റ്റോഴ്സിനെതിരെയും, നന്മണ്ടയിലെ ലുബി റെസ്റ്റോറെന്റിനെതിരെയും നടപടി സ്വീകരിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ഉന്മേഷ് പി.ജി പരിശോധനക്ക് നേതൃത്വം നൽകി.