പേരാമ്പ്രയില്‍ കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമം: പ്രതികളെ പിടികൂടാത്തതിനെതിരെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു.
പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബാക്രമണമാണ് ഉണ്ടായത്. നൊച്ചാട് കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ സംഭവങ്ങളില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് നേതൃയോഗം കുറ്റപ്പെടുത്തി. യോഗം യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ അധ്യക്ഷനായി.
കെ.പി.സി.സി. സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, ഇ.വി.രാമചന്ദ്രന്‍, യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ കെ.എ.ജോസുകുട്ടി, പി.എസ്.സുനില്‍ കുമാര്‍, പി.എം.പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, രാജന്‍ കെ. പുതിയേടത്ത്, ഇ.പി.മുഹമ്മദ്, സത്യന്‍ കല്ലൂര്‍, വി.പി.സുരേഷ്, അശോകന്‍ മുതുകാട്, പൊയില്‍ സുരേന്ദ്രന്‍, പി.സി.കുഞ്ഞമ്മദ്, വി.വി.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.