അഭിനവിനെ ആക്രമിച്ചതിനെതിരെ പേരാമ്പ്രയിൽ കോൺ​ഗ്രസിന്റെ പ്രകടനം, ലഹരി മാഫിയ സംഘത്തെ സഹായിക്കുന്നതിരെ പോസ്റ്ററുയർത്തി ഡി.വെെ.എഫ്.ഐയുടെ പ്രതിഷേധം; സംഘർഷം


പേരാമ്പ്ര: മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്.എഫ്.ഐ വനിതാ നേതാവിന ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം. കോൺ​ഗ്രസ് പ്രകടനത്തിനിടെ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ.

ന​ഗരത്തിലൂടെ കോൺ​ഗ്രസിന്റെ പ്രതിഷേധം കടന്നു പോകുമ്പോൾ ലഹരി മാഫിയാ സംഘത്തെ സഹായിക്കുന്ന കോൺ​ഗ്രസിനെതിരെയുള്ള പോസ്റ്റർ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിക്കാട്ടുകയായിരുന്നു. ഇത് ന​ഗരത്തിൽ നേരിയ സംഘർഷത്തിനിടയാക്കി. പോലീസ് ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്.

മേപ്പാടി പോളിടെക്നിക്ക് കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ കഴിഞ്ഞ ദിവസം മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ നാല് കെ.എസ്.യു പ്രവർത്തകർ റിമാൻഡിലാണ്.

കേസിൽ പ്രതിചേർക്കപ്പെട്ട വാല്യക്കോട് സ്വദേശിയായ അഭിനവിനെ ഒരു സംഘം ആളുകൾ ചേർന്ന് ഇന്നലെ രാത്രി ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺ​ഗ്രസ്ന​ഗരത്തിൽ പ്രകടനം നടത്തിയത്. എസ്.എഫ്.ഐയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.

മേപ്പാടി വിഷയത്തിൽ ലഹരിയാ മാഫിയാ സംഘത്തെ സഹായിക്കുന്ന കോൺ​ഗ്രസ് നിലപാടിനെതിരെയായിരുന്നു ഡി.വെെ.എഫ്.ഐയുടെ പ്രതിഷേധം. പോസ്റ്ററുയർത്തിയാണ് ഡി.വെെ.എഫ്.ഐ പ്രതിഷേധിച്ചത്. ഇതേ സമയമാണ് കോൺ​ഗ്രസിന്റെ പ്രകടവും കടന്നുപോയത്. സ്ഥലത്ത് നേരിയ സംഘർഷം ഉണ്ടായതിനെ തുടർന്ന് പോലീസ് ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്.

Summary: Congress DYFI conflict in Perambra