പേരാമ്പ്ര-ചേനോളി-തറമ്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം


പേരാമ്പ്ര: പേരാമ്പ്ര-ചേനോളി-തറമ്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം. നിര്‍മ്മാണത്തിലെ അപാകത കാരണം റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ആരോപണം. റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം.

അരിക്കുളം, നൊച്ചാട്, പേരാമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. അഞ്ചര കിലോമീറ്റര്‍ ദൂരം റോഡ് ഉയര്‍ത്തി വീണ്ടും ടാര്‍ ചെയ്യാനും കാനകള്‍ നിര്‍മ്മിക്കാനുമായി 10 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

കാന നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. നിര്‍മ്മിച്ച കാനകള്‍ പലയിടത്തും തകര്‍ന്നു. പണി നടക്കുന്ന സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.

റോഡരികുകളും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണ് കടകളില്‍ വെള്ളം കയറുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.