‘സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും’ – വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ ?
കോഴിക്കോട്: എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികള്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നുള്ളത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് വരെ എല്ലാവരിലും പ്രതിക്ഷയുമുണ്ടാവാറുണ്ടെങ്കിലും പലര്‍ക്കും നിരാശയാണ് ലഭിക്കാണ്. എന്നാല്‍ പതിവു വാഗ്ദാനത്തില്‍ ഇക്കുറി ജില്ലയിലെ യുവത്വത്തിനു പതിവിലേറെ പ്രതീക്ഷയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടിക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കോണ്‍ഗ്രസിലെ പതിവ് മുഖങ്ങള്‍ മാറുമെന്നാണു യുവാക്കളുടെ പ്രതീക്ഷ. എഐസിസി നേരിട്ടു നടത്തുന്ന സര്‍വേയിലൂടെയാകും സ്ഥാനാര്‍ഥി നിര്‍ണയം എന്നതും പ്രതീക്ഷകള്‍ക്കു ബലം നല്‍കുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ അവതരിപ്പിച്ച ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ മാതൃക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരിഗണന നല്‍കാനും പതിവ് മുഖങ്ങളെ ഒഴിവാക്കാനും സിപിഎമ്മില്‍ ധാരണയായത്് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ഇടതു യുവജന സംഘടനകളും കരുതുന്നു. ബിജെപിയിലും അവസരത്തിനു കാക്കുന്ന യുവനേതാക്കളുണ്ട്.
മറ്റു മണ്ഡലങ്ങളില്‍ പ്രമുഖ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് യുവാക്കളുടെ പേരു പറഞ്ഞു കേള്‍ക്കുന്നതെങ്കില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് കോണ്‍ഗ്രസില്‍ യുവാക്കളുടെ പേരു മാത്രം പറഞ്ഞു കേള്‍ക്കുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനാണ് മുന്‍തൂക്കം. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെയും പരിഗണിക്കുന്നുണ്ട്. പേരാമ്പ്ര മണ്ഡലത്തില്‍ പരിഗണിക്കുന്നവരുടെ കൂട്ടത്തിലും അഭിജിത്തിന്റെ പേരുണ്ട്.
ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ദേവിനെ പരിഗണിക്കുന്നുണ്ട്. 2 വട്ടം ഇവിടെ ജയിച്ച പുരുഷന്‍ കടലുണ്ടി ഇക്കുറി മത്സരിക്കില്ല. പേരാമ്പ്രയില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ വീണ്ടും മത്സരിക്കാനാണു സാധ്യതയെങ്കിലും അദ്ദേഹം മാറിനിന്നാല്‍ പരിഗണിക്കുന്നവരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷുമുണ്ട്. നാദാപുരത്ത് രണ്ടു ടേം പൂര്‍ത്തിയാക്കിയ ഇ.കെ.വിജയന്‍ എംഎല്‍എ ഇക്കുറി മത്സരിക്കില്ല. പകരം വനിതാ നേതാവ് പി.വസന്തം ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ടെങ്കിലും യുവാക്കള്‍ക്ക് അവസരം എന്നു തീരുമാനിച്ചാല്‍ എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ പി.ഗവാസിനായിരിക്കും അവസരം ലഭിക്കുക.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ വടകര, കൊയിലാണ്ടി മണ്ഡലങ്ങളിലൊന്നില്‍ സ്ഥാനാര്‍ഥിയായേക്കും. യൂത്ത് ലീഗില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ പേര് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പല മണ്ഡലങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നു. കോഴിക്കോട് സൗത്ത്, താനൂര്‍ മണ്ഡലങ്ങളിലാണു ഫിറോസിനെ പ്രധാനമായും പരിഗണിക്കുന്നത്. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെ കുന്നമംഗലത്ത് പരിഗണിക്കുന്നു. കണ്ണൂരിലെ കൂത്തുപറമ്പ് മണ്ഡലം ലീഗിനു ലഭിച്ചാല്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈറിനെ പരിഗണിച്ചേക്കും.
എല്ലാ തിരഞ്ഞെടുപ്പുകളിലെയും പോലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നുള്ള മുന്നണികളുടെ വാഗ്ദാനങ്ങള്‍ ഇത്തവണ നടപ്പിലാകുമോ എന്നുള്ളത് കണ്ടറിയോണ്ടതാണ്. വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരോ മുന്നണികളുടെയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നാല്‍ യുവാക്കള്‍ക്കളെയും പുതുമുഖങ്ങളെയും എത്രത്തോളം പരിഗണിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിയും.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക