‘ ഞങ്ങളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം..തുടരണം ഈ ഭരണം ‘ തീരദേശമിളക്കി തീരദേശ ജാഥ


പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനം വിശദീകരിച്ചു കൊണ്ട് കെ.ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള തീരദേശ ജാഥക്ക് തുടക്കമായി. ജാഥ ഇന്ന് കണ്ണന്‍ കടവില്‍ സമാപിക്കും.

കോട്ടക്കലില്‍ നിന്നും ആരംഭിച്ച ജാഥ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി ടി.ഉമാനാഥന് കെ.ദാസന്‍ എംഎല്‍എ പരിപാടിയില്‍ വച്ച് പതാക നല്‍കി സ്വീകരിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂര്‍വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നത് സംശയരഹിതമായ കാര്യമാണെന്ന് കെ.ഇ.ഇസ്മായില്‍ . നുണ പ്രചാരണം മാത്രം കൈമുതലായ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പോടെ മേല്‍ വിലാസം നഷ്ടപ്പെടുെമെന്നും ഇസ്മയില്‍ പറഞ്ഞു.

എസ്.വി.റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ചു. ജാഥ പൈലറ്റ് എം.പി.ശിവാനന്ദന്‍ സംസാരിച്ചു. ജാഥയ്ക്ക് മത്സ്യത്തൊഴിലാളികള്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.

കല്ലകത്ത്ബീച്ച്, തിക്കോടി അങ്ങാടി, കോടിക്കല്‍, മുത്തായം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ഇന്നലെ ജാഥക്ക് സമാപനമായത്. എം.പി.ഷിബു, എം.നാരായണന്‍, കെ.ഷിജു, എന്‍.ശ്രീധരന്‍,സുരേഷ്ചങ്ങാടത്ത് തുടങ്ങിയവരും ജാഥയെ അനുഗമിച്ചു.