കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം


പെരുവട്ടൂര്‍: കോവിഡ് കാലമെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് സമാപനം കുറിച്ചു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൊയിലാണ്ടി നഗരത്തില്‍ കൊട്ടിക്കലാശം വേണ്ട എന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എന്നാല്‍ പെരുവട്ടൂരും സില്‍ക്ക് ബസാറും പോലുള്ള സ്ഥലങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും എത്തി കൊട്ടിക്കലാശം ആഘോഷമാക്കി. സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പോസ്റ്ററുകളും കൊടി തോരണങ്ങളും ബൈക്ക് റാലിയും അനൗണ്‍സുമെന്റുമെല്ലാമായി ആവേശത്തിലായിരുന്നു പ്രവര്‍ത്തകര്‍.

ഇനി നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീടികള്‍തോറും കയറിയിറങ്ങി വോട്ടര്‍മാരെ കാണും. കൊയിലാണ്ടി നഗരസഭ 25 വര്‍ഷമായി ഇടതു മുന്നണിയാണ് ഭരിക്കുന്നത്. ഇത്തവണയും ഭരണം തുടരുമെന്ന് മുന്നണി നേതാക്കള്‍ അവകാശപ്പെട്ടു. ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ അഞ്ചോളം വാര്‍ഡുകളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ഇടത് വലത് മുന്നണികള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതായതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി.

ചേമഞ്ചേരിയില്‍ സമാന സാഹചര്യം വന്നപ്പോള്‍ നറുക്ക് വീണത് ഇടതു മുന്നണിയ്ക്ക്. ഇത്തവണ ചേമഞ്ചേരിയില്‍ ഈസി വാക്കോവറാണെന്ന് ഇടത് നേതാക്കള്‍ പറയുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റി പിടിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശ വാദം. അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷമാണുള്ളത്. എന്നാല്‍ മുന്നേറ്റമുണ്ടാക്കും എന്ന് യുഡിഎഫും അവകാശപ്പെടുന്നു.