രണ്ടാം ഘട്ടത്തിലും മികച്ച പോളിങ്ങ്; കണക്ക് കൂട്ടല്‍ ആരംഭിച്ച് മുന്നണികള്‍
തിരുവനന്തപുരം: കോവിഡ് പേടി രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും ആവേശം ചോര്‍ത്തിയില്ല. വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. ഡിസംബര്‍ എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ 72.67 ശതമാനം പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുമണിവരെ പൊതുവായും ആറുമണി മുതല്‍ ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമാണ് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയത്.
ആറുമണി കഴിഞ്ഞും ചില പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം നല്‍കി.
47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.
ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും സമ്മതിദാന അവകാശം രേഖപ്പെടുത്തി. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താനായില്ല.