വായനാരി രാമകൃഷ്ണൻ; വിടവാങ്ങിയത് ആദർശം മുറുകെപ്പിടിച്ച കോൺഗ്രസ്സ് നേതാവ്


കൊയിലാണ്ടി: കൗമാരപ്രായത്തിൽത്തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ നേതാവായിരുന്നു ബുധനാഴ്ച അന്തരിച്ച കോൺഗ്രസ് നേതാവ് വായനാരി രാമകൃഷ്ണൻ. ഖാദി പ്രചാരണവും അയിത്തോച്ചാടനവും കോൺഗ്രസ് അജൻഡയായിരുന്ന കാലത്താണ് അദ്ദേഹം കോൺഗ്രസ്സിലെത്തിയത് 1952-ലാണ് അറിയപ്പെടുന്ന പൊതു പ്രവർത്തകനായത്.

ആദർശത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലാതെ ആരുടെ മുഖത്തുനോക്കിയും അഭിപ്രായം പറയുന്ന വായനാരി രാമകൃഷ്ണനെ അക്കാലത്തെ നേതാക്കൾക്കുപോലും ഭയമായിരുന്നു. സി.കെ.ഗോവിന്ദൻ നായർമുതൽ കെ.കരുണാകരൻ വരെയുള്ള നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു.

കൊയിലാണ്ടി സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് പ്രസിഡൻറ്, കൊയിലാണ്ടി സർവീസ് സഹകരണബാങ്ക് പ്രസിഡൻറ്, കോൺഗ്രസിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. 78-ലെ പിളർപ്പിൽ ഐ വിഭാഗത്തിന്റെ ജില്ലയിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. കൊയിലാണ്ടിയിൽ ആദ്യമായി ബസ്‌സ്റ്റാൻഡ്‌ നിർമിച്ചത് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡൻറായിരുന്ന സമയത്താണ്.

ബുധനാഴ്ച വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി വിശ്രമ ജീവിതമായിരുന്നു. കെ.ദാസൻ എം.എൽ.എ., നഗരസഭാധ്യക്ഷ സുധ.കെ.പി, ഡി.സി.സി പ്രസിഡൻറ് യു.രാജീവൻ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചശേഷം രാത്രി പെരുവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.