രാമനാട്ടുകര വാഹനാപകടം: സ്വർണം തേടി എത്തിയത് മൂന്ന് സംഘങ്ങൾ


കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിലും സ്വർണക്കവർച്ചയിലും മൂന്നാമതൊരു സംഘത്തിന്റെ കൂടി സാന്നിധ്യമുണ്ടെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്കു പുറമെ കണ്ണൂരിൽ നിന്നുള്ള സംഘം കൂടി സ്വർണത്തിനു വേണ്ടിയുള്ള മത്സരയോട്ടത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. കണ്ണൂർ സ്വദേശിയായ അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടർന്നത്.

കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കാനാണ് 15 പേരടങ്ങുന്ന ചെർപ്പുളശ്ശേരി സംഘമെത്തിയതെന്നും പൊലീസ് പറഞ്ഞു. കൊടുവള്ളി സംഘത്തിനായി എത്തിയ സ്വർണം കവർച്ച ചെയ്യാനാണ് ചെർപ്പുളശ്ശേരി സംഘം എത്തിയത് എന്നാണു തിങ്കളാഴ്ച പൊലീസ് പറഞ്ഞത്. കൊടുവള്ളി സംഘത്തിനു വേണ്ടി ദുബായിൽ നിന്നു സ്വർണമെത്തുന്ന വിവരം കാരിയർ തന്നെ കണ്ണൂർ സംഘത്തിനു ചോർത്തി നൽകിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടർന്നു കവർച്ചസംഘത്തെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ സംഘത്തിന്റെ പങ്ക് പുറത്തുവന്നത്.

കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.33 കിലോഗ്രാം സ്വർണവുമായി മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ തിങ്കളാഴ്ച പുലർച്ചെയാണ് എയർ ഇന്റലിജൻസ് പിടികൂടിയത്. സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിനു സമീപത്തു തമ്പടിച്ചിട്ടുണ്ടെന്നു ചെർപ്പുളശ്ശേരി സംഘത്തിനു സൂചന ലഭിച്ചിരുന്നു. കണ്ണൂർ സംഘമെത്തിയ കാറും ഇവരുടെ നിരീക്ഷണത്തിലുണ്ടായിരുന്നു. സ്വർണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്തു പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂർ സംഘമാണ്.

ഇതോടെ ഇവർ മടങ്ങാനൊരുങ്ങി. ദുബായ് വിമാനത്തിൽ നിന്നുള്ള യാത്രക്കാർ പുറത്തെത്തിയതിനു പിന്നാലെ കണ്ണൂർ സംഘത്തിന്റെ കാർ പുറത്തേക്കിറങ്ങിയതോടെ സ്വർണം ഇവരുടെ കയ്യിലെത്തിയെന്നു ചെർപ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. ഈ വാഹനത്തിനു പിന്നാലെ 3 വാഹനങ്ങളിൽ പിന്തുടർന്നതായാണ് പിടിയിലായവരുടെ മൊഴി.

രാമനാട്ടുകരയിൽ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്തു വച്ചു തന്നെ സ്വർണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുൻപിലുള്ള വാഹനം അപകടത്തിൽ പെടുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന 8 പേരെ പൊലീസ് തിങ്കളാഴ്ച തന്നെ പിടികൂടിയിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഒരു വാഹനവും രണ്ടു പേരെയും കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിന് കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു.