രഹസ്യം ചോരില്ല: പുതിയ സ്വകാര്യതാ നയത്തില്‍ വീണ്ടും വിശദീകരണവുമായി വാട്‌സാപ്പ്


ന്യൂഡല്‍ഹി: വാട്‌സാപ്പ് തങ്ങളുടെ സ്വകാര്യതാ നയം പുതുക്കിയത് വന്‍ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. മാത്യ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിക്കുന്നതാണ് പുതിയ നയം. സ്വകാര്യതാ നയത്തിന്റെ പേരില്‍ ഉപയോക്താക്കള്‍ വ്യാപകമായി ആപ്പ് ഉപേക്ഷിച്ചതോടെയാണ് വിശദീകരണവുമായി വാട്‌സാപ്പ് വീണ്ടും രംഗത്തെത്തിയത്.

വ്യക്തിഗത അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതി പുതിയ നയത്തിലും മാറ്റമില്ലാതെ തുടരും. ഇപ്പോള്‍ ഉള്ളത് പോലെ തന്നെ സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടെ രഹസ്യമായി തന്നെ അയക്കാവുന്നതാണ്. വാട്‌സാപ്പിനും ഫെയിസ്ബുക്കിനും ഇവ വായിക്കാനോ കേള്‍ക്കാനോ കഴിയില്ല. കോണ്‍ടാക്റ്റ്, ലൊക്കേഷന്‍ വിവരങ്ങളും ഫെയ്‌സ്ബുക്കിന് കൈമാറില്ല. സന്ദേശങ്ങള്‍ തങ്ങളുടെ സെര്‍വറുകളില്‍ സംഭരിക്കപ്പെടില്ലെന്നും വാട്‌സാപ്പ് പറഞ്ഞു.

പുതിയ പോളിസികള്‍ ഫെബ്രുവരി 8നകം സ്വീകരിക്കാത്ത പക്ഷം ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ നഷ്ടമാകുമെന്നും വാട്‌സാപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വാട്‌സ്ആപ്പ് സ്വകാര്യത സംബന്ധിച്ച് ചര്‍ച്ചകളും ആശങ്കകളും ഉയര്‍ന്നത്. പുതിയ നയവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സിഗ്‌നല്‍,ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലേക്ക് ഉപയോക്താക്കല്‍ വന്‍തോതില്‍ മാറിയിരുന്നു.