യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി പേരാമ്പ്ര പട്ടാണിപ്പാറയിലെ കനാല്‍പാലം; അടിത്തറയിലെ കല്ലുകള്‍ ഇളകിയ നിലയില്‍


പേരാമ്പ്ര: പട്ടാണിപ്പാറയിലെ കനാൽപാലം അടിത്തറയിലെ കല്ലുകൾ ഇളകി വീണിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. കുറ്റ്യാടി ജലസേചന പദ്ധതിയിലെ പ്രധാന കനാലിനുകുറുകെ നിർമിച്ചതാണ് നടപ്പാലം. പാലത്തെ താങ്ങിനിർത്തുന്ന ഇരുഭാഗത്തെയും കരിങ്കൽക്കെട്ടിന്റെ അടിഭാഗത്തെ ഒട്ടേറെ കല്ലുകൾ ഇളകി വീണുകഴിഞ്ഞു. പാലം അറ്റകുറ്റപ്പണി നടത്താത്തത് ഇതു വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കും ഭീഷണിയാണ്‌.

കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽ പ്രവൃത്തി നടന്ന 1960-കളിൽ നിർമിച്ചതാണിത്. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽനിന്ന് വള്ളിപ്പറ്റ ഭാഗത്തെ സ്ഥലത്തുള്ളവർക്കായി നടന്നുപോകാനായി നിർമിച്ചതാണ് ഈ നടപ്പാലം. പട്ടാണിപ്പാറയിൽവെച്ച് പ്രധാന കനാൽ വലത്, ഇടതു കനാലുകളായി രണ്ടായി തിരിയുന്നതിന് തൊട്ടുമുമ്പാണ് ഈ നടപ്പാലമുള്ളത്.

കുറ്റ്യാടി ജലസേചനപദ്ധതി നവീകരണത്തിനായി വർഷത്തിൽ പരിമിതമായ ഫണ്ടാണ് ലഭിക്കാറുള്ളത്. അതിനാൽ അത്യാവശ്യമുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് മാത്രമേ അത് തികയാറുള്ളു.

പഴക്കം ചെന്ന നടപ്പാലങ്ങൾ പലതും അപായഭീഷണിയിലായിട്ടും യഥാസമയം അറ്റകുറ്റപ്പണി നടത്താതെ കിടക്കുകയാണ്. നീർപ്പാലങ്ങൾക്കും പലയിടത്തും ചോർച്ചയുള്ള സ്ഥിതിയിലുമാണ്. കുറേസ്ഥലത്ത് അറ്റകുറ്റപ്പണികൾ കഴിഞ്ഞവർഷങ്ങളിൽ നടന്നിരുന്നു.

പട്ടാണിപ്പാറയിലെ നടപ്പാലം വീതികൂട്ടി പുനർനിർമിക്കുന്നതിനുള്ള ശ്രമങ്ങൾ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലും നടത്തുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.