മനാഫ് സാഹോദര്യം കാത്തു സൂക്ഷിച്ച നല്ല മനുഷ്യനായിരുന്നു; ജീവിക്കാൻ കൊതിച്ച അനേകർക്ക് സ്നേഹമായിരുന്നു, പക്ഷേ കുതിച്ചെത്തിയ ലോറി എല്ലാം ചതച്ചരച്ചു, കൊയിലാണ്ടിയിലെ അപകടത്തിൽ നമുക്ക് നഷ്ടമായത് നന്മയുള്ള മനുഷ്യനെ
കൊയിലാണ്ടി: കോവിഡ് മഹാമാരി നമ്മെയാകെ ദുരിതത്തിലും ഭയത്തിലും കൊണ്ടുചെന്നെത്തിച്ചതിനിടയിലാണ് കൊയിലാണ്ടിയിൽ നിന്ന് ഒരു ദു:ഖ വാർത്ത കൂടി നമ്മൾ കേട്ടത്. ബൈക്കിൽ ലോറിയിടിച്ച് വെറ്റിലപ്പാറ സ്വദേശി അബ്ദുൾ മനാഫ് മരിച്ചെന്ന വാർത്ത. പൂക്കാട്, വെറ്റിലപ്പാറ പ്രദേശത്തെയാകെയും മനാഫിനെ നേരിയതെങ്കിലും പരിചയമുള്ള ഓരോ വ്യക്തിയേയും ഏറെ വേദനിപ്പിച്ചു ഈ വിയോഗം. അതിന് കാരണം മനാഫ് ഈ നാടിനോടും സഹജീവികളോടും കാണിച്ച നന്മയാണ്.
കിടപ്പ് രോഗികൾക്കായുള്ള കൂട്ടായ്മയായ എയ്ഞ്ചൽ സ്റ്റാറിന്റെ വളണ്ടിയറും ജോയിന്റ് സെക്രട്ടറിയുമാണ് മനാഫ്. അനേകം മനുഷ്യർക്ക് തണലായ ചേമഞ്ചേരി അഭയത്തിന്റെ സജീവ പ്രവർത്തകൻ. പഠനകാലത്ത് തിരുവങ്ങൂർ ഹൈസ്കൂളിൽ എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറിയായി. പിന്നീട് ഡി.വൈ.എഫ്.ഐയുടെ വെറ്റിലപ്പാറ യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തനത്തിൽ സജീവവുമായി മനാഫ്.
47 വയസ്സാണ് മനാഫിന്. വീട് വെറ്റിലപ്പാറയിൽ തന്നെ. ഉപ്പ പരേതനായ മൊയ്തീൻ. ഉമ്മ ആയിഷ. നർഷിദയാണ് ഭാര്യ. മക്കൾ: അയിഷാ റോസ്, ഇഷഫാത്തിമ, സഹോദരങ്ങൾ റാഷിദ, മുഹമ്മദലി, പരേതനായ ബഷീർ.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ കൊയിലാണ്ടി നഗരമധ്യത്തിലാണ് മനാഫിന്റെ ജീവനെടുത്ത അപകടം നടന്നത്. ലോറി മനാഫ് സഞ്ചരിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ലോറിയും ബുള്ളറ്റും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ലോറിയിടിച്ച് മനാഫ് ബുള്ളറ്റില്‍ നിന്നു തെറിച്ചു വീണ ഉടന്‍ ദേഹത്ത് കൂടെ അതേ ലോറി കയറിയിറങ്ങുകയായിരുന്നു. ഹെല്‍മെറ്റ് പൊട്ടിച്ചിതറി. കെഎല്‍ 18 ബി, 1354 നമ്പര്‍ ബുള്ളറ്റാണ് അപകടത്തില്‍പെട്ടത്. ഇരുവാഹനങ്ങളും കോഴിക്കോട് ഭാഗത്തക്കു പോവുകയായിരുന്നു. ലോറി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.