പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി


കോഴിക്കോട് : കേരളത്തില്‍ പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷം അന്നം മുടക്കിയതെന്നും തുടര്‍ച്ചയായി നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

മെയ് മാസത്തെ ക്ഷേമപെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സര്‍ക്കാര്‍ മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ നല്‍കുന്നില്ല. പ്രതിപക്ഷ നേതാവിന് മാര്‍ച്ചും മേയും തിരിച്ചറിയാതായോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ ഫെബ്രുവരിയില്‍ തീരുമാനിച്ചതാണ്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് ജീവനക്കാരുടെ ശമ്പളം മുടക്കാന്‍ പ്രതിപക്ഷം തയാറാകുമോയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തി.

കോവിഡ് കാലത്ത് രാജ്യത്ത് പട്ടിണി വര്‍ധിപ്പിച്ചു. പട്ടിണി തടഞ്ഞു നിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. കമ്യൂണിറ്റി കിച്ചന്‍, ഭക്ഷ്യ കിറ്റ് എന്നിവ ഇതിന് സഹായിച്ചു. വിഷുവും ഈസ്റ്ററും പരിഗണിച്ചാണ് ഏപ്രില്‍ ആദ്യം ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കിറ്റ് ജനങ്ങള്‍ക്ക് നല്‍കുന്നത് സൗജന്യമല്ല. അത് അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.