ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; വ്യക്തമായ ഭൂരിപക്ഷം നേടി ഇടത് മുന്നണി അധികാരത്തില്‍


കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഇത്തവണയും ഇടത് ഭരണം. ഇരുപത് അംഗ ഭരണ സമിതിയില്‍ 11 സീറ്റുകള്‍ നേടിയാണ് ഇടതു മുന്നണി തുടര്‍ ഭരണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഇടത് വലത് മുന്നണികള്‍ക്ക് 10 സീറ്റ് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും മുന്‍പ് എല്‍ജെഡി മുന്നണിയില്‍ എത്തിയതോടെ അംഗം സംഖ്യ 12 ആയിരുന്നു. ഇതില്‍ നിന്ന് ഒരു സീറ്റിന്റെ കുറവ് എല്‍ഡിഎഫിനുണ്ട്.

എല്‍ഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന 8,15 വാര്‍ഡുകള്‍ യുഡിഎഫും രണ്ടാം വാര്‍ഡ് ബിജെപിയും പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ അഞ്ച്, പതിനാറ് എന്നിവ എല്‍ഡിഎഫും പിടിച്ചു. മുസ്ലിം ലീഗ് കോട്ടയായ പത്തൊന്‍പതാം വാര്‍ഡില്‍ മത്സരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ടിന് വിജയിക്കാന്‍ കഴിഞ്ഞില്ല.

പഞ്ചായത്തില്‍ ഏറ്റവും കുറഞ്ഞത് 12 സീറ്റെങ്കിലും നേടി എല്‍ഡിഎഫ് അധികാരത്തിലെത്തും എന്നായിരുന്നു വോട്ടെടുപ്പിന് ശേഷം കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. 12,15,16,19 വാര്‍ഡുകളില്‍ ശക്തമായ മത്സരവും പ്രവചിച്ചു. അതെല്ലാം ശരിയായി. എന്നാല്‍ രണ്ടാം വാര്‍ഡിലെ എന്‍ഡിഎ മുന്നേറ്റം പ്രവചിക്കാന്‍ കഴിഞ്ഞില്ല.