കോഴിക്കോട് ഇന്ന് യെല്ലോ അലർട്ട്; മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജനങ്ങൾ ജാ​ഗ്രത പാലിക്കാൻ നിർദേശം


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 11 വരെ കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ഉൾപ്പെടെ ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം വയനാട്, കണ്ണൂ,ർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്.

ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലേർട്ട് ലെവലിന് മുകളിൽ എത്തിയതിനെ തുടർന്ന് കക്കയം ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടർ പത്ത് സെൻറീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയിൽ അഞ്ച് സെൻറീമീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുഉള്ളതിനാൽ ഇരു കരങ്ങളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തണം. ആവശ്യമെങ്കിൽ പുറത്തേക്ക് വിടുന്ന ജലത്തിൻറെ അളവ് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും.

ജില്ലയിൽ താരതമ്യേന മഴ കുറഞ്ഞതിനാൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. വിവിധ പ്രദേശങ്ങളിലായി നിലവിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.എട്ടു കുടുംബങ്ങളിലെ 25 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. അഞ്ചു കുട്ടികളും എട്ടു പുരുഷന്മാരും 12 സ്ത്രീകളും നാലു മുതിർന്ന പൗരന്മാരുമാണുള്ളത്. തിനൂർ വില്ലേജിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ നാലു കർഷകരുടെ കൃഷിക്ക് നാശം സംഭവിച്ചു. ആളപായമോ വീടുകൾക്ക് നാശമോ ഇല്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 11-08-2022 രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 09-08-2022 നും 10-08-2022 നും , കർണാടക തീരത്ത് 09-08-2022 മുതൽ 11-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 09-08-2022 നും 10-08-2022 നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

കർണാടക തീരത്ത് 09-08-2022 മുതൽ 11-08-2022 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.

Summary: Yellow alert in Kozhikode today; There is a possibility of landslides in the hilly areas, people are advised to be careful