‘മഴ പെയ്യുന്നത് കണ്ടാല്‍ വ്യാപാരികളുടെ ഉള്ളില്‍ ആധി’; മഴ പെയ്യുമ്പോള്‍ വെള്ളത്തില്‍ മുങ്ങി പേരാമ്പ്ര ടൗണിലെ റോഡും കടകളും (വീഡിയോ കാണാം)


പേരാമ്പ്ര: മഴ ഒന്ന് ചാറുന്നത് കണ്ടാല്‍ തന്നെ പേരാമ്പ്ര ടൗണിലെ വ്യാപാരികളുടെ ഉള്ളില്‍ ആധിയാണ്. കുറച്ച് നേരം മഴ പെയ്താല്‍ തന്നെ ടൗണിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങും. അധികം താമിസിക്കാതെ തന്നെ കടകളിലേക്കും വെള്ളം കയറും.

നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ അനന്തരഫലമാണ് ഈ വെള്ളക്കെട്ടെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ച ഡ്രൈനേജ് സംവിധാനം അശാസ്ത്രീയമാണെന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തേ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

മഴക്കാലം തുടങ്ങിയതോടെ പേരാമ്പ്രയിലെ കടകളിലെല്ലാം വെള്ളം കയറുകയാണെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ഒരു മഴ പെയ്യുമ്പോഴേക്ക് തന്നെ നഗരത്തിലെ റോഡുകള്‍ വെള്ളക്കെട്ടുകളാകും. മഴക്കാലത്ത് ഇത് പേരാമ്പ്രയിലെ പതിവ് കാഴ്ചയാണ്. റോഡില്‍ നിന്ന് വളരെ വേഗം തന്നെ വെള്ളം ഉയര്‍ന്ന് കടകളിലേക്ക് കയറുമെന്ന് വ്യാപാരികള്‍ പറയുന്നു.

ശാസ്ത്രീയമായ രീതിയിലാണ് ഡ്രൈനേജ് സംവിധാനം നിര്‍മ്മിച്ചിരുന്നത് എങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു എന്നാണ് പലരും വിലയിരുത്തുന്നത്. കാലവര്‍ഷം തുടങ്ങിയപ്പോഴത്തെ ശക്തി കുറഞ്ഞ മഴയില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ മഴ കനക്കുന്നതോടെ എന്താകുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

വീഡിയോ കാണാം: