മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി


വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളോട നുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളെ കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് വടകര നഗരസഭാ പരിധിയിൽ ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര സാൻഡ് ബാങ്ക്സിന് ഹരിത ടൂറിസം കേന്ദ്രം പദവി നൽകി. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും, ഹരിത വൽക്കരണ പ്രവർത്തനങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാൻ്റ് ബാങ്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.

വടകര നഗരസഭ, ഹരിത കേരളം മിഷൻ, ഡിടിപിസി കോഴിക്കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സാൻഡ് ബാങ്ക്‌സിൽ ഹരിത ടൂറിസം പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. സാൻഡ് ബാങ്ക്സിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ഹരിത ടൂറിസം പ്രഖ്യാപനം നടത്തി. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ കെ.കെ.അശ്വിന് ഹരിത ടൂറിസം സർട്ടിഫിക്കറ്റ് കൈമാറിക്കൊണ്ടാണ് ചെയർപേഴ്സൻ ഹരിത പ്രഖ്യാപനം നടത്തിയത്. നഗരസഭാ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിതാ പതേരി, എം.ബിജു, സിന്ധു പ്രേമൻ, വാർഡ് കൗൺസിലർ പി.വി.ഹാഷിം, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ഷംന.പി എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ.പി രമേശൻ ചടങ്ങിന് നന്ദി അറിയിച്ചു. കൗൺസിലർമാർ, ഡിടിപിസി പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, സാൻഡ് ബാങ്ക് ജീവനക്കാർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിനോദസഞ്ചാര കേന്ദ്രത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപം തടയുന്നതിനുള്ള ഹരിത ചെക്ക് പോസ്റ്റ്, ഹരിത വീഥിയൊരുക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ശലഭോദ്യാനം എന്നിവ തുടർ പദ്ധതിയായി നടത്തും. നിലവിലുള്ള അജൈവ മാലിന്യം ബിന്നുകൾക്കും ഹരിത നിർദ്ദേശക ബോർഡുകൾക്കും പുറമെ ആവശ്യമായ ബിന്നുകളും ബോർഡുകളും സ്ഥാപിക്കാനുള്ള പദ്ധതി ഉടൻതന്നെ പൂർത്തീകരിക്കും. സാൻഡ് ബാങ്ക്‌സിനെ ജില്ലയിലെ മാതൃക ബീച്ച് ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൻ പറഞ്ഞു.

Summary: Waste-free New Kerala People’s Campaign; Vadakara Sand Banks designated as Green Tourism Centre