പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്; പൊലീസ് തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടുമെന്ന് പി.കെ.ഫിറോസ്


പേരാമ്പ്ര: യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി,വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കുക, സി.പി.എം നടത്തിയ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.വൈ.എസ്.പി ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ സി.പി.എമ്മിന്റെ പേര് ചെമ്പ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്ന് പി.കെ.ഫിറോസ് പറഞ്ഞു. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തുന്നതിനാണ് കെ.ടി.ജലീല്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുടനീളം ഐക്യജനാധിപത്യ മുന്നണിയുടെ ഓഫീസുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ്, ഓഫീസുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നില്ലെന്ന് മാത്രമല്ല ആ പ്രതികള്‍ക്ക് പൈലറ്റ് വഹനമായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പേരാമ്പ്ര മേഖലയില്‍ സി.പി.എമ്മും പോലീസും നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.കെ.ഇബ്രായി അധ്യക്ഷനായി. കണ്‍വീനര്‍ കെ.എ.ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ്, മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി സി.പി.എ.അസീസ് എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് മുനീര്‍ എരവത്ത്, സി.എച്ച്.ഇബ്രാഹിം കുട്ടി, രാജന്‍ മരുതേരി, എസ്.പി.കുഞ്ഞമ്മദ്, ടി.പി.ചന്ദ്രന്‍, ആര്‍.കെ.മുനീര്‍, രാജേഷ് കീഴരിയൂര്‍, കെ.കെ.വിനോദന്‍, എന്‍.പി.വിജയന്‍, എസ്.കെ.അസ്സയിനാര്‍, പി.എം.പ്രകാശന്‍, കെ.മധുകൃഷ്ണന്‍, ഷിഹാബ് കന്നാട്ടി, കെ.പി.വേണുഗോപാലന്‍, മിസ്ഹബ് കീഴരിയൂര്‍, പി.എസ്.സുനില്‍ കുമാര്‍, ഇ.ടി.സത്യന്‍, ടി.കെ.എ.ലത്തീഫ്, പ്രകാശന്‍ കന്നാട്ടി, പി.ടി.അഷറഫ്, രാജന്‍.കെ. പുതിയേടത്ത്, വി.പി.റിയാസുസലാം, ഗീത കല്ലായി, ഗിരിജ ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.