കണ്ണൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികില്‍ നിന്നവരുടെ മേല്‍ പാഞ്ഞുകയറി, രണ്ട് മരണം, അഞ്ചുപേര്‍ക്ക് പരിക്കേറ്റു


കണ്ണൂര്‍: കണ്ണപുരത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

കണ്ണപുരം യോഗശാല സ്വദേശി എം.നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

റോഡിരികില്‍ നിന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറുകയായിരുന്നു. വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ച് തെറിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.