കൊയിലാണ്ടി പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു


കൊയിലാണ്ടി: ദേശീയപാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ ശരത്ത് (32), നിജിഷ് (36) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെയും നിജിഷിനെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കാറിൽ ഇവരോടൊപ്പമുണ്ടായിരുന്ന സജിത്തും ലോറി ഡ്രൈവർ സിദ്ധിക്കും പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.