ഇനി സുഖയാത്ര; കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താങ്കണ്ടി പാലം നാടിന് സമർപ്പിച്ചു
നാദാപുരം: വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർ മ്മിച്ച തോട്ടത്താംകണ്ടി പാലം നാട്ടുകാർക്കായി തുറന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലങ്ങളുടെ നിർമ്മാണത്തിൽ സർക്കാർ മൂന്നുവർഷം കൊണ്ട് സെഞ്ച്വറിയടിച്ചെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
ടി.പി.രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ഇ.കെ.വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ.പി.ബാബു, കെ.പി.ചന്ദ്രിക, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉണ്ണി വേങ്ങേരി, കെ.സജിത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എസ് അജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയർ എൻ.ബൈജു എന്നിവർ സംസാരിച്ചു
നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചത്. 9.20 കോടി ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. മരുതോങ്കര ഭാഗത്ത് 480 മീറ്റർ നീളത്തിലും തോട്ടത്താങ്കണ്ടി ഭാഗത്ത് 180 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുണ്ട്. ഇരുഭാഗത്തും പാലത്തിനുസമീപം സംരക്ഷണഭിത്തിയും നിർമിച്ചിട്ടുണ്ട്.
തോട്ടത്താങ്കണ്ടി പാലം യാഥാർത്ഥ്യമായതോടെ ചങ്ങരോത്ത് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കുറ്റ്യാടിയിലെത്താതെ ഇതുവഴി എളുപ്പത്തിൽ മരുതോങ്കര, തൊട്ടിൽപ്പാലം മേഖലയിലേക്ക് സഞ്ചരിക്കാനാകും. മരുതോങ്കര മേഖലയിലുള്ളവർക്ക് പേരാമ്പ്ര, കോഴിക്കോട് ഭാഗത്തേക്ക് പോകാനും കിലോമീറ്ററുകൾ ചുറ്റാതെ എളുപ്പവഴിയൊരുങ്ങും. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാമെന്ന ഗുണവുമുണ്ട്.