വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു; കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താംകണ്ടി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി
നാദാപുരം: കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താംകണ്ടി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചത്.
9.20 കോടി ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. മരുതോങ്കര ഭാഗത്ത് 480 മീറ്റർ നീളത്തിലും തോട്ടത്താങ്കണ്ടി ഭാഗത്ത് 180 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുണ്ട്. ഇരുഭാഗത്തും പാലത്തിനുസമീപം സംരക്ഷണഭിത്തിയും നിർമിച്ചിട്ടുണ്ട്.
തോട്ടത്താങ്കണ്ടി പാലം വരുന്നതോടെ ചങ്ങരോത്ത് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് കുറ്റ്യാടിയിലെത്താതെ ഇതുവഴി എളുപ്പത്തിൽ മരുതോങ്കര, തൊട്ടിൽപ്പാലം മേഖലയിലേക്ക് സഞ്ചരിക്കാനാകും. മരുതോങ്കര മേഖലയിലുള്ളവർക്ക് പേരാമ്പ്ര, കോഴിക്കോട് ഭാഗത്തേക്ക് പോകാനും കിലോമീറ്ററുകൾ ചുറ്റാതെ എളുപ്പവഴിയൊരുങ്ങും. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാമെന്ന ഗുണവുമുണ്ട്.
ജൂലൈ 7 ന് വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് നാട്ടുകാർക്കായി തുറന്ന് കൊടുക്കും. പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി, എം.എൽ.എ മാരായ ഇ.കെ.വിജയൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും.
മരുതോങ്കര ചങ്ങരോത്ത് പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പാലം ഉദ്ഘാടനത്തോടെ സാധിക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.