വടകരയിലെയും പേരാമ്പ്രയിലെയും യുവാക്കളെ കമ്പോഡിയയിലെ തൊഴിൽ തട്ടിപ്പ് സംഘത്തിന് എത്തിച്ചു കൊടുത്ത മുഖ്യപ്രതി; തോടന്നൂർ സ്വദേശി അറസ്റ്റിൽ


വടകര: വടകര പേരാമ്പ്ര സ്വദേശികൾ ഉൾപ്പെടെ നിർവധി തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്‌ത്‌ കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ എത്തിച്ച് കുടുക്കിയ കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. തോടന്നൂർ എടത്തുംകര പീടികയുള്ളതിൽ താമസിക്കും തെക്കേ മലയിൽ അനുരാഗ് (25) ആണ് അറസ്റ്റിൽ ആയത്.

ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്‌താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പു സംഘത്തിൽ നിന്നും ദിവസങ്ങളോളം ക്രൂര മർദ്ദനമുൾപ്പെടെ ഇവർക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. വടകര മണിയൂർ സ്വദേശികളായ അഞ്ചുപേരും ഒരു കൂത്താളി സ്വദേശിയും ഒരു എടപ്പാൾ സ്വദേശിയും ബംഗലുരുവിലുള്ള ഒരു യുവാവും ഈ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് വളരെ കഷ്ടപ്പെട്ടാണ് നാട്ടിലെത്തിയത്.

പേരാമ്പ്ര സ്വദേശി കുന്നുമ്മൽ രാജീവനടക്കം പലരും ഇപ്പോഴും കംബോഡിയയിൽ കുടുങ്ങി കിടക്കുകയാണ്. കോടികൾ തട്ടിപ്പ് നടത്തിയ പ്രതികൾക്കായി പൊലീസ് വലവിരിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ഒന്നര വർഷമായി കംബോഡിയയിൽ ആയിരുന്ന അനുരാഗ് നെടുമ്പാശ്ശേരി എയർപോർട്ട് വഴി നാട്ടിലേക്ക് വരവെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ അനുരാഗ് ഇത്തരം തട്ടിപ്പുകൾ മുമ്പും നടത്തിയിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ വടകര പൊലീസിൽ 4 കേസുകളും, പൊന്നാനി, ആലുവ വെസ്റ്റ് എന്നിവിടങ്ങളിൽ ഓരോ കേസുകളും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൊഴിലന്വേഷകരിൽ നിന്ന് 2000 ഡോളർ (ഏകദേശം 1,70.000 രൂപ) വെച്ച് ഇവർ കൈക്കലാക്കിയതായാണ് വിവരം. മനുഷ്യക്കടത്ത്, തടവിൽ പാർപ്പിക്കൽ, പണത്തിന് വേണ്ടി തട്ടികൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പേരാമ്പ്ര പൊലീസ് ഇൻസ്‌പക്‌ടർ പി.ജംഷീദ്, സബ്ബ് ഇൻസ്പക്ടർ കെ.ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ ഏറ്റുവാങ്ങുകയായിരുന്നു. സബ്ബ് ഇൻസ്പക്ട‌ർ എൻ.സുബ്രഹ്‌മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.കെ.റിയാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ടി.എം. രജിലേഷ്, എം.ലാലു, എൻ.പി.സുജില എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Summary: The main accused who delivered the youths of Vadakara and Perampra to Cambodia’s labor fraud ring; A resident of Thotannur was arrested