ചോറോട് വെച്ചു നടന്ന അപകടം; അമ്മൂമ്മ മരിച്ചു, ആറുമാസമായി ഒമ്പതുകാരി അബോധാവസ്ഥയില്‍, ഇടിച്ചിട്ട ആ കാര്‍ കണ്ടെത്താൻ സഹായിക്കാമൊ?


വടകര: അമ്മൂമ്മയെയും അവരുടെ പേരമകളെയും ഇടിച്ചിട്ട് കടന്നുപോയതാണ് ആ കാർ. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു, എന്നാല്‍ പേരമകള്‍ ഒമ്ബതുവയസ്സുകാരി ദൃഷാന ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കോമ സ്റ്റേജിൽ അബോധാവസ്ഥയില്‍ കഴിയുന്നു. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.

ഇടിച്ചിട്ട കാർ കണ്ടെത്താൻ ആദ്യം വടകര പോലീസും പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കാർ ഇപ്പോഴും കാണാമറയത്ത് തന്നെ. തലശ്ശേരിയിലെ പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) മരിക്കുകയും മകളുടെ മകള്‍ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ആറുമാസം കഴിഞ്ഞിട്ടും കാർ കണ്ടെത്താൻ കഴിയാത്തത്. വിഷയത്തില്‍ ഇപ്പോള്‍ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്ബതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഒരു വെള്ളനിറത്തിലുള്ള കാർ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. ഇടിച്ചിട്ട കാർ നിർത്താതെ പോയി. അപകടമുണ്ടാക്കിയ ഇരട്ടദുരന്തത്തിന്റെ വേദനയില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ആ കുടുംബം. കാർ കണ്ടെത്താൻ കഴിയാത്തതു കൊണ്ടുതന്നെ അപകട ഇൻഷുറൻസ് തുക കിട്ടാനുള്ള സാധ്യതയുമില്ല.

അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ യുളളവർക്ക് പരാതി നല്‍കി. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും അന്വേഷണം ഊർജിതമായത്. വെളുത്ത കാറാണെന്ന് മാത്രമറിയാം. ചില ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സ്വിഫ്റ്റ് കാറാണെന്നും സംശയമുണ്ട്.

നിലവില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം. കാറിന്റെ മുൻവശത്ത് കേടുപാടുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ അപകടം നടന്നതിനു ശേഷമുള്ള ദിവസങ്ങളില്‍ വർക്ക് ഷോപ്പ്, സ്പെയർ പാർട്‌സ് ഷോപ്പ്, സർവീസ് സെൻറർ എന്നിവിടങ്ങളില്‍ ഇടിച്ചിട്ട വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ നന്നാക്കാൻ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന സന്ദേശം ക്രൈംബ്രാഞ്ച് പ്രചരിക്കുന്നുണ്ട്. അറിയിക്കേണ്ട നമ്ബർ: 9497990120, 8086530022, 9947481919.

The accident happened at Chorode; Grandma died, nine-year-old unconscious for six months, can you help me find the car that crashed?