പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞതായി പരാതി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ്‌ അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു.

ഇന്ന്‌ രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന് മുന്നിലെ ഇടവഴിയില്‍ നിന്നും ഒരാള്‍ കല്ലെറിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. അകമണത്തില്‍ പകച്ചുപോയ ഡ്രൈവര്‍ പെട്ടെന്ന് തന്നെ ബസ് റോഡില്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അക്രമണ സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഇന്ന് ബസുകള്‍ മിന്നല്‍ പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു. ബസ് ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിയത്‌. ഇന്നലെ കൂമുള്ളിയില്‍ വെച്ചാണ് ബസ് ഡ്രൈവര്‍ മര്‍ദ്ദിക്കപ്പെട്ടത്.