സംസ്ഥാന സ്കൂൾ കലോത്സവം; കാൽനൂറ്റാണ്ടിന് ശേഷം കലാകിരീടം സ്വന്തമാക്കി തൃശ്ശൂര്‍
തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ 1008 പോയിന്റുകളുമായി സ്വര്‍ണകപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാമത്. 1003 പോയിന്‍റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശൂരിന്റെ കിരീടനേട്ടം. 1999 ലാണ് തൃശൂര്‍ അവസാനം ചാംപ്യന്‍മാരായത്.
നാല് ദിവസമായി നടന്ന വാശിയേറിയ മത്സരത്തില്‍ കണ്ണൂരായിരുന്നു മുന്നില്‍. എന്നാല്‍ ഇന്നലെ രാത്രിയോടെ തൃശ്ശൂര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. കോഴിക്കോടാണ് നാലാം സ്ഥാനത്ത്. എറണാകുളം (980), മലപ്പുറം (980), കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസര്‍ഗോഡ് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് പോയിന്റ് നില.
പാലക്കാട് ആലത്തൂരിലെ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‌കൂൾ. മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ചടങ്ങില്‍
ആദരിക്കും.
Description: State School Arts Festival Gold Crown for Thrissur