ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം.പി
പയ്യോളി: വടകര പാർലിമെന്റ് മണ്ഡലത്തിന്റെയും മലബാർ മേഖലയുടെയും ആവശ്യങ്ങളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എംപി. പുതിയതായി അനുവദിച്ച ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും തിങ്ങി നിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിരം യാത്രക്കാരുടെ പ്രശ്നങ്ങൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തതായി എംപി അറിയിച്ചു.
മെമു സർവീസ് ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകൾ അനുവദിക്കേണ്ടതിൻ്റെയും നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടതിൻ്റെയും അനിവാര്യത ബോധ്യപ്പെടുത്താനും കഴിഞ്ഞെന്നും ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ച് കൂടതൽ ചർച്ചകൾ നടത്തി വടകരയുടെ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുമെന്നും എം.പി അറിയിച്ചു.
ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയ ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ വൈകീട്ട് 5.30ന് കോഴിക്കോടും 6.01 ന് കൊയിലാണ്ടിയിലും 6.20 ന് വടകരയിലും എത്തും. കോഴിക്കോട് നിന്ന് രണ്ട് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് ട്രെയിന്‍ കണ്ണൂരിലെത്തും. കോഴിക്കോട് വിട്ടാല്‍ കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ട്രെയിന്‍ 6.33 മാഹിയിലും 6.48 തലശ്ശേരിയിലും എത്തും. എന്നാല്‍ കണ്ണൂരിലെത്താന്‍ 7.40ആകും.