മൂന്നിടത്ത് ബോംബേറ്; അക്രമിക്കപ്പട്ടത് രണ്ട് വീടുകളും മൂന്ന് പാര്‍ട്ടി ഓഫീസുകളും; നൊച്ചാട് മുള്‍മുനയിലായ ഒരാഴ്ച്ച


സൂര്യ കാര്‍ത്തിക

പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്ര മേഖല സാക്ഷ്യം വഹിച്ചത് അക്രമത്തിന്റെ രാത്രികാലത്തിന്. പേരാമ്പ്രയിലെ വിവിധയിടങ്ങളിലുള്ള കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് കൂടാതെ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളരങ്ങേറിയത് നൊച്ചാട് പഞ്ചായത്തിലാണ്. നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെയുള്ള ബോംബേറാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ആക്രമ സംഭവങ്ങളരങ്ങേറുമ്പോള്‍ പാര്‍ട്ടിക്കാര്‍ പരസ്പരം പഴി ചാരുന്നത് തുടരുമ്പോഴും ആക്രമങ്ങള്‍ക്ക് അറുതി വരുന്നില്ല. സമാധാനത്തോടെ നിലനിന്നിരുന്ന നൊച്ചാട് മേഖലയാണ് ഇപ്പോള്‍ സംഘര്‍ഷ ഭരിതമായത്. ഓരോ ദിനം പുലരുമ്പോഴും പുതിയ സംഭവവികാസങ്ങളെന്തെന്ന ആധിയോടെയാണ് ജനം ഉറക്കമുണരുന്നത്.

കോണ്‍ഗ്രസിന്റെ നൊച്ചാട് മേഖല കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ആക്രമണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പനോട്ട് അബൂബക്കറിന് പരിക്കേറ്റിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നൊച്ചാട് ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനവുമായി പോവുകയായിരുന്ന പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു.

നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്തു വിട്ടിരുന്നു. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്ന് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.’എന്തു വന്നാലും പ്രശ്നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്’. പോലീസിന്റെ മുമ്പില്‍ പോലും പ്രവര്‍ത്തകര്‍ വെല്ലുവിളിക്കുകയാണ്. സംയമനം പാലിക്കാന്‍ പോലീസ് ആവശ്യപ്പെടുമ്പോളും നൊച്ചാട് കത്തിക്കുമെന്ന മറുപടിയാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഈ സംഭവത്തിന് ശേഷമാണ് നൊച്ചാട് വിവിധ സ്ഥലങ്ങളില്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടത്.

‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (Watch Video)

ജൂണ്‍ 14-ന് കെ.സി.സി.സി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നൊച്ചാട് ചാത്തോത്ത് താഴെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതേ സമയം മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് ഇരു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയം ചെയതു. സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്.

ഇതിന് പിന്നാലെയാണ് വാല്യക്കോട് സി.പി.എം ഓഫീസ് അഗ്നിക്കിരയാക്കിയത്. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. രാത്രി 12.30 ന് ശേഷമാണ് സംഭവം. റോഡിലൂടെ കടന്നുപോവുകയായിരുന്ന വഴിപോക്കനാണ് ഓഫീസില്‍ തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.

നൊച്ചാട് മാവട്ടെയില്‍ താഴെ കോണ്‍ഗ്രസ് നേതാവിന്റെ കോഴിക്കട അടിച്ച് തകര്‍ത്ത സംഭവവുമുണ്ടായി. കോണ്‍ഗ്രസ് നേതാവായ വടക്കയില്‍ ഇസ്ഹാഖിന്റെ കോഴിക്കടയാണ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. അടിച്ചു തകര്‍ത്ത കടയില്‍ നിന്ന് അര ലക്ഷം രൂപയും പന്ത്രണ്ട് കോഴികളും നഷ്ടമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടമ പേരാമ്പ്ര പൊലീസില്‍ പരാതിയും നല്‍കി.

മുളിയങ്ങലിലെ സിപിഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കും പെട്രോള്‍ ബോംബെറിഞ്ഞു. അക്രമത്തില്‍ ജനല്‍ പാളികള്‍ക്കും ചുമരിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. രാത്രിയിലാണ് സംഭവം. പെട്രോള്‍ ബോംബ് സമീപത്തെ കടയില്‍ പതിച്ചതിനെ തുടര്‍ന്ന് കടയുടെ ബോര്‍ഡും ഷീറ്റും കത്തിനശിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെയും പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു.
രാത്രി 11മണിയോടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അന്നേ ദിവസം തന്നെ നൊച്ചാട് രയരോത്ത് മുക്കിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ പലചരക്ക് കടക്ക് തീയിട്ടിരുന്നു. മാവട്ടിയില്‍ താഴെ രയരോത്ത് മുക്കിലെ എം.സി.അമ്മദിന്റെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. ആക്രമത്തില്‍ കട ഭാഗികമായി കത്തി നശിച്ചു.

സി.പി.എം നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെയുള്ള ബോംബേറാണ് ഏറ്റവും ഒടുവിലത്തെ അക്രമ സംഭവം. വീടിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ സമാധാന യോഗം ചേര്‍ന്നിരുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും ഒരു മാസ കാലയളവിലേക്ക പ്രകടനങ്ങളോ പൊതുയോഗങ്ങളോ വേണ്ടെന്ന് എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്ന് തീരുമനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ അക്രമ സംഭവങ്ങളരങ്ങേറുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് നൊച്ചാട് നിന്ന് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.