പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നു; നടുവണ്ണൂരിലെ പമ്പില്‍ ഇന്ധന വിതരണം തടസപ്പെട്ടു
നടുവണ്ണൂര്‍: പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വിതരണം തടസപ്പെട്ടു. നടുവണ്ണൂരിലെഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പായ ആഞ്ജനേയ എന്റര്‍പ്രൈസസിലാണ് സംഭവം.
പമ്പിലെ പെട്രോള്‍ ടാങ്കില്‍ മഴവെള്ളം കയറിയതാണ് പ്രശ്‌നത്തിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്.
പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച കാര്‍ കുറച്ച് ദൂരം ഓടിയപ്പോള്‍ നിന്നു പോയി. യന്ത്രത്തകരാറാകുമെന്ന് കരുതി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പെട്രോളില്‍ വെള്ളം കലര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്.
വെള്ളം കലര്‍ന്ന പെട്രോള്‍ വിതരണം ചെയ്തതില്‍ വാഹന ഉടമകള്‍ പ്രതിഷേധിച്ചു. ഇതോടെ ഉടമകള്‍ക്ക് പെട്രോളിന്റെ വില തിരികെ നല്‍കി പ്രശ്‌നം പരിഹരിച്ചു.
സ്റ്റോക്ക് വിവരങ്ങള്‍ ലഭിക്കുന്ന എ.ജി.എസ് യൂണിറ്റിന്റെ പൈപ്പ് വഴിയാണ് മഴവെള്ളം ടാങ്കിലെത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ പെട്രോള്‍, ഡീസല്‍ വിതരണം നിര്‍ത്തി വെച്ചു. ബുധനാഴ്ച രാവിലെ മുതല്‍ ടാങ്കിലുള്ള പെട്രോള്‍ എടുത്തു മാറ്റി. അതേസമയം ഡീസല്‍ വിതരണം തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു.