ലഹരി ഉപയോഗിക്കാനും ആര്‍ഭാടജീവിതത്തിനു പണം കണ്ടെത്താനും വാഹന മോഷണം; കോഴിക്കോട് കുട്ടിക്കള്ളന്മാര്‍ പിടിയില്‍


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴുപേരെ പോലീസ് പിടികൂടി. നഗരത്തില്‍ വാഹന മോഷണക്കേസുകള്‍ പതിവായതിനെത്തുടര്‍ന്ന് സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും പലതവണ ചികിത്സയ്ക്ക് വിധേയരായവരുമാണെന്ന് പോലീസ് പറഞ്ഞു.

രാത്രിയില്‍ വീടുവിട്ടിറങ്ങി മോഷ്ടിച്ച വാഹനങ്ങളില്‍ കറങ്ങിനടന്ന് മറ്റു വാഹനങ്ങള്‍ മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്. വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അതിലുള്‍പ്പെട്ടവരെപ്പറ്റി പോലീസ് അന്വേഷണം നടത്തിവരുമ്പോഴാണ് സംഘം പിടിയിലാകുന്നത്.

മോഷണസംഘത്തിലുള്‍പ്പെട്ടവരെല്ലാം പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ധരിപ്പിച്ചു. ലഹരി ഉപയോഗിക്കാനും ആര്‍ഭാടജീവിതത്തിനും പണം കണ്ടെത്താനുമാണ് മോഷണം നടത്തുന്നത് എന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. മോഷ്ടിച്ചശേഷം ഉടമസ്ഥരും പോലീസും തിരിച്ചറിയാതിരിക്കാന്‍ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ വെക്കുകയും ചെയ്യും.

നടക്കാവ്, ബേപ്പൂര്‍, ടൗണ്‍, വെള്ളയില്‍, പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നു മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.