നൊച്ചാട് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അധ്യാപകന് സസ്പെന്‍ഷന്‍; പാര്‍ട്ടി മാറിയതിലുള്ള സി.പി.എമ്മിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകന്‍


പേരാമ്പ്ര: നൊച്ചാട് എ.എൽ.പി. സ്കൂൾ അധ്യാപകനും കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ സി.കെ. അജീഷിനെ സർവീസിൽനിന്ന് സസ്പെൻഡ്‌ ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടിയാണ് സസ്പെൻഡ്‌ ചെയ്തത്. നേരത്തേ ഉണ്ടായിരുന്ന പൊലീസ് കേസിന്റെ തുടർച്ചയായാണ് നടപടി.

സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർമാനുമായ അജീഷ് പത്തുവർഷം മുമ്പാണ് സി.പി.എം. വിട്ടത്. അടുത്തകാലത്തായി അദ്ദേഹം കോൺഗ്രസിൽ ചേരുകയുംചെയ്തു. തനിക്കെതിരെയുള്ള കള്ളക്കേസും സസ്പെന്‍ഷനും പാര്‍ട്ടി വിട്ടതിലുള്ള സി.പി.എമ്മിന്റെ പ്രതികാര നടപടിയാണെന്നും വധശ്രമമടക്കം തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും സി.കെ.അജീഷ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയാണെന്നും അച്ചടക്കനടപടി എടുക്കണമെന്നുമാണ് സ്‌കൂൾ മാനേജർക്ക് ആദ്യം കിട്ടിയ നിർദേശമെന്നും പിന്നീട് നൊച്ചാട് കലാപാഹ്വാനം നടത്തി എന്ന ആരോപണം കൂടി ഉന്നയിച്ച് സ്കൂള്‍ മാനേജറോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപകൻ നൽകിയ വിശദീകരണം തൃപ്തികരമായതിനാൽ നടപടി സ്വീകരിക്കാൻ വകുപ്പില്ല മറുപടിയാണ് മാനേജർ നൽകിയതെന്നും അജീഷ് കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ മാനേജറുടെ വിശദീകരണത്തിന് പിറകെയാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇപ്പോള്‍ നടപടി എടുത്തിട്ടുള്ളത്. നവംബർ 14 മുതൽ 15 ദിവസത്തേക്ക് താത്‌കാലികമായി സേവനത്തിൽനിന്ന് നീക്കംചെയ്താണ് എ.ഇ.ഒ. ഉത്തരവിറക്കിയത്.