ദേഹത്ത് വീണ് മൂടിപ്പോയ കല്ലും മണ്ണും മാറ്റിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, കോൺക്രീറ്റ് സ്ലാബ് കാലിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി; പേരാമ്പ്രയിൽ മതിലിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. വീഡിയോ ഈ വാർത്തയുടെ അവസാനം വായനക്കാർക്ക് കാണാം.
ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പറേന്റെ മീത്തൽ നാരായണകുറുപ്പ് മണ്ണിനടിയിൽ കുടുങ്ങിയത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന മതിലിടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് മീറ്ററോളം ഉയരത്തിൽ കെട്ടിയ മതിലാണ് നാരായണക്കുറുപ്പിന്റെ ദേഹത്തേക്ക് വീണത്. സ്വന്തം വീടിന്റെ ചുമരിനോട് ചേർന്ന് കല്ലും മൂടിയ നിലയിലാണ് അദ്ദേഹം കുടുങ്ങിയത്.
സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സംഘം ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുങ്ങിയ സ്ഥലം തിരിച്ചറിഞ്ഞതോടെ മൂടിക്കിടന്ന കല്ലും മണ്ണും മാറ്റി നാരായണക്കുറുപ്പിനെ മുക്കാൽ ഭാഗത്തോളം പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ അദ്ദേഹത്തിന് പരിക്ക് പറ്റാതിരിക്കാൻ സേന ഏറെ ശ്രദ്ധിച്ചിരുന്നു.
കോൺക്രീറ്റ് സ്ലാബിനുള്ളിൽ കാല് കുടുങ്ങിയതാണ് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയത്. വളരെ ഇടുങ്ങിയ സ്ഥലത്താണ് അപകടമുണ്ടായത് എന്നതും വെല്ലുവിളിയായി. എന്നാൽ ഒന്നര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്സ് നാരായണക്കുറുപ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. പുറത്തെടുത്ത ഉടൻ അദ്ദേഹത്തെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.ഭക്തവത്സലൻ, പി.വിനോദൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ മാരായ എൻ.എം.ലതീഷ്, ടി.വിജീഷ്, പി.ആർ.സത്യനാഥ്, സനൽ രാജ്, എൻ.പി.അനൂപ്, എസ്.ആർ.സാരംഗ്, കെ.എൻ.രതീഷ്, എൻ.ബിനീഷ്, വി.കെ.ഷൈജു, കെ.സുധീഷ്, ഹോം ഗാർഡുമാരായ എ.എം.രാജീവൻ, കെ.പി.ബാലകൃഷ്ണൻ, വി.കെ.ബാബു എന്നിവരാണ് രക്ഷാപ്രവർത്തിൽ പങ്കെടുത്തത്. ഇവർക്കൊപ്പം നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.