പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ; പ്രതികൾ ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവർ


പേരാമ്പ്ര: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇർഷാദിന്റെ കൊലപാതകത്തിൽ വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവരാണ് ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് പുതിയ കേസ്. യുവാവിൻ്റെ ഭാര്യയായ പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. പെരുവണ്ണാംമുഴി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കേസിൽ ഇന്നലെ മൂന്ന് പേർ കോടതിയിൽ കീഴടങ്ങിയിരുന്നു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് കീഴടങ്ങിയത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് സംഘം ഇർഷാദിനെ തട്ടിക്കൊണ്ടുപോകുന്നത്. വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നായിരുന്നു നാട്ടിലെത്തിയത്. ജൂലൈ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നുമാണ് ബന്ധുക്കളുടെ പരാതി. ജൂലൈ 22നാണ് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് ഭയം കാരണമാണെന്നും ഇര്‍ഷാദിന്റെ ജീവന്‍ തന്നെ ഭീഷണിയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. പെരുവണ്ണാമൂഴി പോലീസിൽ നൽകിയ പരാതി തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ഇർഷാദ് കൊല്ലപ്പെട്ടു എന്ന് മനസിലായത്.

Summary: Panthirikara native Irshad’s murder: Three people arrested; The accused kidnapped Irshad and kept him in hiding