പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതകം: മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ; പ്രതി ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച സംഘത്തിൽപെട്ടയാളെന്ന് പോലീസ്


പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദിച്ച സംഘത്തിൽ ജുനൈദ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

ഇർഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വയനാട് ലക്കിടി സ്വദേശി ശ്രീനാഥിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇർഷാദ് കൊല്ലപ്പെട്ട തട്ടി കൊണ്ടുപോയ സംഘത്തിലെ നിർണായക കണ്ണിയകളാണ് ജുനൈദും ശ്രീനാഥും. ഐപി സി302 ഉൾപ്പടെ യുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് ശ്രീനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സ്വർണ്ണ കടത്തു കൊലപാതക കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നു സൂചന.

ജൂലൈ 6ന് കാണാതായ ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം ഇര്‍ഷാദിന്റെയാണെന്ന് സ്ഥിരീകരിച്ചത്. മേപ്പയൂര്‍ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരം ലഭിച്ചത്. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി.

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. 60 ലക്ഷം വില വരുന്ന സ്വര്‍ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. ഇര്‍ഷാദിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് യുവാവിന്റെ തിരോധാനവും കൊലപാതകവും പുറത്തറിയിന്നത്.

Summary: Panthirikara native Irshad’s murder: one more person arrested; The police said that the accused belonged to the gang that had beaten up Irshad