മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ യെല്ലോ; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി


മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ, സഹകരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കായി നിര്‍ദ്ദേശം നൽകുകയും ചെയ്തു. കൊയിലാണ്ടി താലൂക്കില്‍ അനര്‍ഹമായി കൈവശം വെച്ച 388 റേഷന്‍കാര്‍ഡുകളാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത് അതോടൊപ്പം അനര്‍ഹമായി വാങ്ങിയ റേഷന്റെ വിലയായ 8,98,689 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ എം.ശ്രീലേഷ്, പി.രാധാകൃഷ്ണന്‍, കെ.ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് ‘ഓപ്പറേഷൻ യെലോ’. പൊതുജനങ്ങളുടെ സഹായത്തോടെ മുൻഗണനാ വിഭാഗത്തിലെ അനർഹരെ കണ്ടെത്തി അവരെ ഒഴിവാക്കി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്താനാണ് ഈ പരിശോധന പരിപാടി ലക്ഷ്യമിടുന്നത്.