നാട്ടിലെത്തിയിട്ട് രണ്ടാഴ്ചയിലേറെ, വീട്ടിലെത്തിയില്ല, നാദാപുരത്ത് വീണ്ടും വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി


നാദാപുരം: ഗള്‍ഫില്‍ നിന്നെത്തിയ നാദാപുരം സ്വദേശിയായ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ അനസിനെയാണ് കാണാതായത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. പേരാമ്പ്ര പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നത്.

ഇന്നലെ രാത്രിയാണ് അനസിന്റെ ഉമ്മ സുലൈഖ നാദാപുരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഖത്തറില്‍ നിന്നെത്തിയെന്ന് വിവരം ലഭിച്ച് മൂന്നാഴ്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കുന്നത്. ജൂലൈ 21ന് അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശിയെന്ന് പറഞ്ഞ് ഒരു സംഘം കാറില്‍ വന്നെന്നും ഇതിലൊരാള്‍ വീട്ടിലേക്ക് കയറി അനസിനെ അന്വേഷിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.

ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ നാദാപുരം ജാതിയേരി സ്വദേശിയായ മറ്റൊരു യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ കഴിഞ്ഞ ദിവസം വളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. റിജേഷിനെ പറ്റി ഒന്നരമസമായി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്.

ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തി. രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് സഹോദരന്‍ രാജേഷ് പറയുന്നത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്.