നൊച്ചാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പലചരക്ക് കടക്ക് തീയിട്ടു
പേരാമ്പ്ര: നൊച്ചാട് രയരോത്ത് മുക്കിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ പലചരക്ക് കടക്ക് തീയിട്ടു. മാവട്ടിയില്‍ താഴെ രയരോത്ത് മുക്കിലെ എം.സി.അമ്മദിന്റെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. ആക്രമത്തില്‍ കട ഭാഗികമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇതേ ദിവസം വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. രാത്രി 11മണിയോടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സി.പി.എം നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെ ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.