ചെറുവണ്ണൂർ ചുവന്നു തന്നെ നിൽക്കും; യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെയാണ് നിലവിലെ ഇടത് ഭരണസമതിക്ക് തുടരാന്‍ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ അംഗവുമായ ഇ.ടി.രാധ ഈ വര്‍ഷം ആദ്യം അസുഖ ബാധിതയായി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ വൈസ് പ്രസിഡന്റിനാണ് പകരം ചുമതല.
ഈ സാഹചര്യത്തില്‍ കക്ഷിനില പതിനാലായി കുറഞ്ഞു. ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എല്‍.ഡി.എഫില്‍ ഉണ്ടായ അസ്വാരസ്യങ്ങളും ആവള മഠത്തില്‍ മുക്കില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവും മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പതിനൊന്നാം വാര്‍ഡ് അംഗം എന്‍.ടി.ഷിജിത്താണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പ്രമേയം ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വോട്ടെടുപ്പ് നടത്തുകയുമായിരുന്നു.
ഗ്രാമസഭ അംഗീകരിച്ച പദ്ധതികള്‍ മിക്കവയും മുടങ്ങിക്കിടക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് യു.കെ ഉമ്മര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധ അസുഖബാധിതയായി ചികിത്സയിലായതിനാല്‍ അവധിയിലാണ്. പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ വാര്‍ഡിലെയും കാര്യങ്ങള്‍ നോക്കാന്‍ വൈസ് പ്രസിഡന്റിനെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്നും ഗ്രാമസഭ അംഗീകരിച്ച പദ്ധതികള്‍ മിക്കവയും മുടങ്ങിക്കിടക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് ഭരണപക്ഷ അംഗം കെ.പി ബിജു ഇതിനോട് പ്രതികരിച്ചത്. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.