മുളിയങ്ങലിലെ പാർട്ടി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; അക്രമത്തിന് പിന്നിൽ കോൺ​ഗ്രസെന്ന് സി.പി.എം


പേരാമ്പ്ര: മുളിയങ്ങലിലെ സിപിഎം നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. ജനല്‍ പാളികള്‍ക്കും ചുമരിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പെട്രോള്‍ ബോംബ് സമീപത്തെ കടയിൽ പതിച്ചതിനെ തുടർന്ന് കടയുടെ ബോര്‍ഡും ഷീറ്റും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വാല്യക്കോടെ സി.പി.എം ഓഫീസിനും തീയിട്ടിരുന്നു. ആക്രമത്തിൽ ഓഫീസിലെ ഫർണ്ണിച്ചറുകളും രേഖകളും കത്തിച്ചാമ്പലായി. ഇരു സംഭവങ്ങൾക്കും പിന്നിൽ കോൺ​ഗ്രസാണെന്ന് സി.പി.എം ആരോപിച്ചു.

നൊച്ചാട് സാമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി ഡി.വെെ.എസ്.പിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ യോ​ഗം ചേർന്നിരുന്നു. അതിൽ പ്രദേശത്ത് ഒരുമാസക്കാലയളവിൽ പ്രകടനങ്ങളോ പൊതുയോ​ഗങ്ങളോ വേണ്ടന്നു തീരുമാനിച്ചിരുന്നു. എന്നാൽ യോ​ഗത്തിലെ താരുമാനങ്ങൾക്ക് വിപരീതമായി പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം ഏരിയ സെക്രട്ടറി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പാർട്ടി സംയമനത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.