നിധിയെന്ന് പറഞ്ഞ് നല്‍കിയത് മുക്കുപണ്ടം; നാദാപുരം സ്വദേശികളെ പറ്റിച്ച് നാലുലക്ഷം കവര്‍ന്നതിന് പിന്നാലെ പ്രതികള്‍ അപകടത്തില്‍പ്പെട്ടു


വടകര: നിധിയെന്ന് വിശ്വസിപ്പിച്ച് നാദാപുരം സ്വദേശികള്‍ക്ക് മുക്കുപണ്ടം നല്‍കി പറ്റിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ തട്ടിയെടുത്തത് നാലു ലക്ഷം രൂപ. രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. ഇവരില്‍ നിന്നും തട്ടിയെടുത്ത പണവുമായി രക്ഷപെടുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം അപകടത്തില്‍പെട്ടു. പരിക്കേറ്റവര്‍ അടക്കമുള്ള സംഘം മുരങ്ങൂരില്‍ നിന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടെങ്കിലും ഇവര്‍ പെരുമ്പാവൂരില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരാള്‍ കൈയ്ക്കും കാലിനും പരിക്കേറ്റതിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നാണ് വിവരം.

ഞായറാഴ്ച രാത്രിയിലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് യുവാക്കളെ വലയിലാക്കിയത്. തങ്ങളുടെ സുഹൃത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചെന്നും തൃശൂരിലെത്തി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ വന്‍ ലാഭത്തിനു സ്വര്‍ണം ലഭിക്കുമെന്നുമാണ് ഇയാള്‍ തന്റെ പരിചയക്കാരായ രാജേഷിനെയും ലെനീഷിനെയും പറഞ്ഞുവിശ്വസിപ്പിച്ചത്.

ഇതുപ്രകാരം രാജേഷും ലെനീഷും തൃശൂരെത്തി. ഇവിടെ അസം സ്വദേശി മറ്റ് മൂന്നുപേരെ കൂടി വിളിച്ചുവരുത്തി. എന്നാല്‍ അവിടെ വച്ചു സ്വര്‍ണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു ഇവരോട് ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. ആറു പേരും കാറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ വച്ച് മുന്‍കൂറായി 4 ലക്ഷം നല്‍കാമെന്നും സ്വര്‍ണം വിറ്റ ശേഷം ബാക്കി തുക നല്‍കാമെന്നും കരാറായി. 4 ലക്ഷം രൂപ കയ്യില്‍ കിട്ടിയാല്‍ മാത്രമേ നിധിയിലെ സ്വര്‍ണം നല്‍കൂ എന്നും പറഞ്ഞു.

ഇവര്‍ തുക നല്‍കിയതുപ്രകാരം പണ്ടം കൈമാറുകയും ചെയ്തു. ഈ സമയത്ത് മലയാളികള്‍ ലഭിച്ച ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തുക്കളാണെന്നു പറഞ്ഞ് എത്തിയവരും പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്‌ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഒരു ട്രെയിന്‍ എത്തിയപ്പോഴേക്കും അവര്‍ ഇരുളില്‍ മറഞ്ഞു. തുടര്‍ന്നാണു രാജേഷ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

പണവുമായി രക്ഷപെടുന്നതിനിടെയാണ് നാല്‍വര്‍ സംഘം അപകടത്തില്‍പെടുന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. [mid5]