മേഘയിലേയും സംഘത്തിലേയും സിനിമകള്‍, വിക്ടറി കോളേജ്, ഓലമേഞ്ഞ പീടികള്‍ പിന്നെ ചന്തയും കോരന്‍സിലെ മട്ടനും പൊറോട്ടയും: പഴയകാല പേരാമ്പ്രയുടെ ഓര്‍മ്മകളുമായി മനോജ് മഠത്തില്‍ എഴുതുന്നു


മനോജ് മഠത്തിൽ

ഇന്ന് പേരാമ്പ്രയുടെ വീഥികളിലൂടെ പോകുമ്പോൾ ഞാൻ ഓർക്കാറുണ്ട്…

ഓർമ്മകളിൽ കാണാറുണ്ട് എന്റെ പഴയ പേരാമ്പ്ര ഗ്രാമത്തിന്റെ ഇതളുകൾ.

അന്ന് ഞാൻ കണ്ട പേരാമ്പ്രയിലെ വഴിയോര കാഴ്ച്ചകൾ.

മലയോരമണ്ണിന്റെ റാണി.

ചുറ്റിലും പച്ചപ്പാൽ ചുറ്റപ്പെട്ട ശാന്തസുന്ദരമായ ദേശം. പാടവും തോടും കൈകൊട്ടിക്കളിക്കുന്ന എന്റെ പേരാമ്പ്ര ടൗണിൽ ഞാനെന്നാണ് ആദ്യമായ് പോയതെന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. അന്ന് ഞാൻ കണ്ട പേരാമ്പ്ര കാഴ്ചകൾ എന്തെല്ലാമായിരുന്നെന്നും ഞാൻ ചിന്തിക്കാറുണ്ട്.

പേരാമ്പ്ര ടൗണിനു അടുത്തു തന്നെയായിട്ടാണ് ഞങ്ങളുടെ കട ഉണ്ടായിരുന്നത്. അച്ഛൻ എന്നും രാവിലെ നിരപ്പലകയുടെ താക്കോലുമെടുത്തു അങ്ങോട്ടേക് യാത്രയാകും. അന്ന് ഞങ്ങൾ കല്ലോട്ട്കാരുടെ ചേനായി റോഡ് നല്ല രീതിയിൽ പണിത്തിട്ടൊന്നുമില്ല. റോഡിന്നിരുവശവും ഇന്ന് കാണുന്നപോലെ കോൺക്രീറ്റ് സൗധങ്ങൾ ഒന്നുമില്ല.

ഉള്ളതോ!

തെങ്ങോലയിൽ ഭംഗിയായി കെട്ടിയൊരുക്കിയ ഓലപ്പുരകൾ.

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. സ്കൂൾ ഇല്ല. ചേർമ്മലയുടെ താഴ് വരയിലെ ഞങ്ങളുടെ സ്കൂളിൽ രണ്ടു ദിവസം പോകേണ്ട. അച്ഛൻ കടയിലേക്കു പോകുമ്പോഴേ വിളിച്ചു പറഞ്ഞു .

“ഞ്ഞു ….കൊറച്ചുഴിഞ്ഞു പീട്യെലേക് വരണേ…”

ഞാൻ ലുങ്കിയുമുടുത്തു നടന്നു. കടയിലേക്ക്.

കൊളോർക്കണ്ടിയിലേക്ക്.

പണ്ട് പേരാമ്പ്രയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു യുവത കോളേജ് ഉണ്ടായിരുന്ന സ്ഥലം. അന്നവിടെ ഒരുപാട് സ്ഥാപങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പേരുകേട്ട മിനി ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ്. പിന്നെ മലപ്പുറത്തുള്ളവർ നടത്തുന്ന ബേക്കറി കൂടും .

മധുരമുള്ള സർബത്തു കഴിച്ചു പേരാമ്പ്ര മാർക്കറ്റിലേക് നടന്നുപോകുന്ന യാത്രക്കാർ. അമ്മ ദിവസവും സർബത്തു ഉണ്ടാക്കുമായിരുന്നു. അവിടുന്നാണ് ഞാനും പേരാമ്പ്ര ടൗണിലേക് പോയിരുന്നത്.

വിശാലമായ പാടത്തിന്നരികിലൂടെ നടന്നാണ് പോയത്. ആ വഴിയിലൊന്നും അന്ന് കടകളൊക്കെ കുറവായിരുന്നു. പാടത്തിന്റെ അരികിലായി ഒരു തേങ്ങാ വെട്ടി കൊപ്രായക്കുന്ന ജാകയുണ്ടായിരുന്നു. പിന്നെ സർക്കാരിന്റെ അഥിതി മന്ദിരം. കുറച്ചൂടി മുകളിലായി പഞ്ചായത്ത് ഓഫീസ്.

ആദ്യമായി സിനിമ കണ്ടത് സംഘത്തിൽ നിന്നായിരുന്നു. ഭക്തകുചേല!

പിന്നെ എത്രയോ സിനിമകൾ കൂട്ടുകാരോടൊത്തു ആഹ്ലാദിച്ചു കണ്ടിരിക്കുന്നു. വർഷ അഗ്നിയിൽ കുളിച്ചപ്പോൾ ഞാനുമുണ്ടായിരുന്നു കൂട്ടുകാരോടൊന്നിച്ചു സിനിമ കാണാൻ. മേഘയിൽ സ്ഥിരം പഴയ പടങ്ങൾ കാണാൻ എത്ര പോയിരിക്കുന്നു.

പേരാമ്പ്ര കാഴ്ചയിൽ ആദ്യം മനസ്സിലേക്കെത്തുന്നത് മരക്കാടി തോടാണ്.

അന്നവിടെ ഒരുപാടു കടകളൊന്നുമില്ല. ചെളിക്കുണ്ട് നിറഞ്ഞ പ്രദേശം .അടുത്തായിട്ടാണ് കാലിച്ചന്ത നടന്നത്. തൊട്ടു മുകളിലായി വിക്ടറി കോളേജ്. ചേർന്ന് ഹരിദാസൻ ഡോക്ടർ നോക്കുന്നയിടം. അന്ന് പേരാമ്പ്ര മുക്കിലാണ് മാർക്കറ്റ്.

മാർക്കറ്റിലേക് ഇറങ്ങിയാൽ വെറ്റില കച്ചോടം ചെയ്യുന്നവർ. പായും മുറവും കൊട്ടയും വിൽക്കുന്നവർ. കുറച്ചൂടി അകത്തോട്ടു പോയാൽ ഉണക്കമീൻ കച്ചോടം. പച്ചക്കായ്‌ പച്ചക്കറികൾ.

മൂലയ്ക് മൺചട്ടികൾ വിൽക്കുന്നവർ. ഒരു സൈഡിൽ പച്ചമീൻ വിൽക്കുന്നവരുടെ ബഹളം. ഞാനും ഓച്ചിറയും എത്ര വട്ടയില എത്തിച്ചിട്ടുണ്ട് ആ മാർക്കറ്റിൽ .സിദ്ദിക്കുമായി ഹോട്ടലിൽ വാഴയില. വൈകീട്ട് കോരെൻസ്സിൽ നിന്നും മട്ടനും പൊറോട്ടയും. വീണ്ടും മേഘയിൽ.

അന്ന് പ്രെസിഡെൻസിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി കൃഷ്ണഗീതയിൽ പോയത് ഇംഗ്ലീഷ് പടത്തിന്. അന്നൊക്കെ ക്‌ളാസ് കഴിഞ്ഞാൽ നേരെ പേരാമ്പ്ര പഞ്ചായത്തു ലൈബ്രറിയിൽ ഉണ്ടാകും രാജേഷുമൊത്തു. ലൈബ്രറി മുകളിൽ നിന്നും നോക്കിയാൽ കാണാം പേരാമ്പ്രയുടെ വളരുന്ന വികസനം.

ഇടയ്ക് ഞങ്ങൾ സ്റ്റാന്റിനടുത്തുള്ള ലൈബ്രറിയിൽ ആയിരിക്കും .അന്നൊക്കെ സ്റ്റാൻഡ് വികസനത്തിന്റെ വളർച്ചയിൽ ആണ്.

പേരാമ്പ്രയുടെ മാറ്റമറിഞ്ഞുകൊണ്ട് ഇന്നുമുണ്ട് ആ അരയാൽ മരം ഇളമരംകുളങ്ങര വിശാലമായ കുളത്തിന്റെ കരയിൽ .അവിടുത്തെ ഓരോ സായാഹ്നവും മധുരമുള്ളതായിരുന്നു അന്ന് .ഇന്ന് മനസ്സിലും. കൊളോർക്കണ്ടിയിൽ നിന്നും മധുരമുള്ള സർബത്തു കുടിച്ചു അന്ന് നടന്നു പേരാമ്പ്ര ടൗണിൽ പോയവർ ഇന്ന് ചീറിപ്പായുന്ന പുതിയ തലമുറയ്‌ക്കൊപ്പം പായുകയാണ്. പഴയ പേരാമ്പ്ര ഇന്ന് പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.

പഴയ പേരാമ്പ്ര അപ്പോഴും മനസ്സിൽ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു.