വയോധികന്‍ കുഴഞ്ഞു വീണു, ബസ് ആംബുലന്‍സായി; റൂട്ട് മാറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി (വീഡിയോ കാണാം)


കോഴിക്കോട്: മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചെത്തിയത് കണ്ട എല്ലാവരും അമ്പരന്നു. ആംബുലന്‍സുകളോ മറ്റ് ചെറുവാഹനങ്ങളോ മാത്രം എത്തുന്ന ആശുപത്രി മുറ്റത്ത് ആനവണ്ടി കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതിരുന്ന പലര്‍ക്കും ആശങ്കയും ഉണ്ടായിരുന്നു.

പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ആ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ആംബുലന്‍സായി മാറുകയായിരുന്നു, യാത്രക്കാരനായ വയോധികന്റെ ജീവന്‍ രക്ഷിക്കാനായി.

ഇന്നലെയായിരുന്നു സംഭവം. ചൊവ്വാഴ്ച വെളുപ്പിന് മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം ഉണ്ടായത്. യാത്രക്കാരനായ വയോധികന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ബസിലുണ്ടായിരുന്ന ഡോക്ടര്‍ ഉടന്‍ അദ്ദേഹത്തെ പരിശോധിക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മാനന്തവാടി ഡിപ്പോയില്‍ നിന്നുള്ള ബസ് ഡ്രൈവറായ എം.പി.രമേശിന് പിന്നെ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം ബസ് ആശുപത്രിയിലേക്ക് എടുക്കുകയായിരുന്നു.

കോഴിക്കോട് ബൈപ്പാസിലെ പൂളാടിക്കുന്ന് ജംങ്ഷനില്‍ നിന്ന് പാവങ്ങാടേക്കാണ് സാധാരണഗതിയില്‍ ബസ് പോകേണ്ടിയിരുന്നത്. എന്നാല്‍ വയോധികന്റെ ജീവന്‍ രക്ഷിക്കാനായി കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് മാറ്റി ബൈപ്പാസിലൂടെ മലാപ്പറമ്പിലേക്ക് കുതിച്ചു.

ബസ്സിലെ യാത്രക്കാരും റോഡിലെ മറ്റ് വാഹനങ്ങളും സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പൂര്‍ണ്ണമായി സഹകരിച്ചതോടെ പെട്ടെന്ന് തന്നെ ‘ബസ് ആംബുലന്‍സി’ന് മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രിയിലെത്താനായി.

കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിലെത്തിച്ച ശേഷം ബസ് യാത്രക്കാരുമായി കോഴിക്കോടേക്ക് യാത്ര തുടര്‍ന്നു. കോഴിക്കോട് യാത്രക്കാരെ ഇറക്കിയ ശേഷം വീണ്ടും ഇഖ്‌റയിലെത്തി ഡ്രൈവര്‍ എം.പി.രമേശും കണ്ടക്ടര്‍ സി.പ്രദീപും വയോധികന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കിയ ശേഷമാണ് ബസ്സുമായി തിരികെ മാനന്തവാടിയിലേക്ക് തിരിച്ചത്.

കെ.എസ്.ആര്‍.ടി.സി ബസ് ഇഖ്‌റ ആശുപത്രിയിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം: