ചക്കിട്ടപാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാളെ മലയോര ഹര്‍ത്താല്‍


പേരാമ്പ്ര: ചക്കിട്ടപാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാളെ മലയോര ഹര്‍ത്താല്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ അടിസ്ഥാന്തിലാണ് നാളെ മലയോര മേഖലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലയില്‍ മലബാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങളാണ് ബഫര്‍ സോണിന് കീഴില്‍ വരിക.

വന്യ ജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവയുടെ യഥാര്‍ത്ഥ അതിര്‍ത്ഥിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ബഫര്‍ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ല എന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവിന്റെ ചുരുക്കം. ഈ തീരുമാനം പുനപരിശോധിക്കുകയും ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കുക, ജനവാസമേഖലയേയും കൃഷി ഭൂമിയേയും പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നുമാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം.


മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണ്ണയിക്കണമെന്ന നിര്‍ദേശത്തിനെതിരെ രാഷ്ട്രീയ കക്ഷികളും കര്‍ഷക സംഘടനകളും പ്രതിഷേധത്തിനിറങ്ങിയിരുന്നു. ആശങ്ക പരിഹരിക്കാന്‍ വനംവകുപ്പ് യോഗം വിളിച്ചിരുന്നെങ്കിലും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഒടുവില്‍ ജനവാസ മേഖലകളെ പൂര്‍ണമായി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണു ഇവിടെ പ്രതിഷേധം തണുത്തത്. എന്നാല്‍ ഇതിനു പിന്നാലെ സുപ്രീംകോടതി ഉത്തരവ് വന്നതോടെയാണ് മലയോര മേഖലയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നത്.

നിലവിലെ രൂപത്തില്‍ നിയമം നടപ്പിലാക്കിയാല്‍ കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളായ ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, വാണിമല്‍, നരിപ്പറ്റ, കാവിലുംപാറ, എന്നിവയെ പൂര്‍ണ്ണമായും താമരശ്ശേരി (കെടവൂര്‍ വില്ലേജിന്റെ ചില ഭാഗങ്ങള്‍), കാരശ്ശേരി,കൊടിയത്തൂര്‍ എന്നിവയെ ഭാഗികമായും ബാധിക്കും.


കോഴിക്കോട് ജില്ലയിലെ മഹാ ഭൂരിപക്ഷം വരുന്ന മലയോര മേഖലകള്‍ സംരക്ഷിത മേഖലയില്‍ പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബഫര്‍
സോണ്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വസ്തു ഇടപാടുകളെയും സാരമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. വന്യ ജീവി സങ്കേതത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ വീട് നിര്‍മ്മാണത്തിന് വരെ നിയന്ത്രണങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്തത്.

ചെറു പ്രകടനങ്ങള്‍ നടത്തി സമരത്തിന് വ്യാപകമായ പ്രചരണം നല്‍കാനും പാല്‍,പത്രം,ആശുപത്രി,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
എന്നിവയൊഴികെ മറ്റെല്ലാ മേഖലകളും നാളെ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ സമ്പൂര്‍ണ്ണ ഹര്‍ത്താലാക്കി മാറ്റാനുമാണ് എല്‍.ഡി.എഫ് തീരുമാനം. ഹര്‍ത്താലിനോട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുമുണ്ടാകണമെന്ന് സി.പി.ൃ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ത്തിച്ചിരുന്നു.