ഗതാഗതക്കുരുക്കില്ലാത്ത കുറ്റ്യാടിക്കായി, ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്


കുറ്റ്യാടി: കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ചേര്‍ന്നു. പദ്ധതിക്ക് ഭൂമി വിട്ടു നല്‍കുന്നവരില്‍ നിന്നുള്ള സമ്മതപത്രം എം.എല്‍.എ സ്വീകരിച്ചു.

ഭൂമി വിട്ട് നല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഈ മാസാവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകും. കെട്ടിടങ്ങള്‍ക്കുള്ള വാല്യുവേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബൈപ്പാസിന്റെ ലാന്‍ഡ് അക്ക്വിസിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ടെണ്ടര്‍ നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ നിര്‍മ്മാണ പ്രവൃത്തി ഈ വര്‍ഷം തന്നെ ആരംഭിക്കും.

ഭൂമി വിട്ടു നല്‍കുന്ന പ്രദേശവാസികളുടെ സംശയങ്ങള്‍ക്ക് തഹസില്‍ദാറും എഞ്ചിനീയറും മറുപടി നല്‍കി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ മോഹന്‍ദാസ്, ലാന്‍ഡ് അക്ക്വിസിഷന്‍ തഹസില്‍ദാര്‍ മുരളി, ആര്‍ബിഡിസി കെ എഞ്ചിനീയര്‍ അതുല്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവര്‍ സംസാരിച്ചു.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഗണിച്ച് അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിച്ച ശേഷം 2021 ജൂലൈ മാസത്തിന് ശേഷമായിരുന്നു കുറ്റ്യാടി ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്നതോടെ ഒരു മാസത്തിന് ശേഷം 19(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കും. ലാന്‍ഡ് അക്ക്വിസിഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തിയുടെ ടെണ്ടര്‍ ഓഗസ്റ്റ് അവസാനവാരം പ്രസിദ്ധപ്പെടുത്താനാണ് തീരുമാനം.