വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്തു, ഷൂസിന്റെ അടയാളം നിലത്ത് പതിപ്പിച്ചു, മുളക് പൊടി വിതറി; കോഴിക്കോട് സ്വന്തം വീട്ടില്‍ ‘പ്രൊഫഷണലാ’യി മോഷണം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്


കോഴിക്കോട്: സ്വന്തം വീട്ടില്‍ മോഷണം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതിനായിരം രൂപയാണ് സനീഷ് വീട്ടില്‍ നിന്ന് കവര്‍ന്നത്.

പ്രൊഫഷണല്‍ കള്ളന്മാരുടെ രീതിയിലാണ് സ്വന്തം വീട്ടിലെ മോഷണം സനീഷ് ആസൂത്രണം ചെയ്തത്. ഒറ്റനോട്ടത്തില്‍ കള്ളന്മാരെത്തി വീട് കൊള്ളയടിച്ചുവെന്ന് തോന്നാന്‍ പാകത്തിലുള്ള എല്ലാം സനീഷ് ഒരുക്കി വച്ചിരുന്നു.

വീടിന്റെ പിന്‍വശത്തെ ഗ്രില്ല് തകര്‍ത്ത് സനീഷ് അകത്ത് കയറി. കൈയില്‍ കടലാസ് കൈയ്യുറ ധരിച്ച് വിരലടയാളം പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മുറികളിലെ അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ച് വാരിയിട്ടു. തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ഷൂസിന്റെ അടയാളം നിലത്ത് പതിപ്പിച്ചു. മുളക് പൊടിയും വിതറി.

പ്രൊഫഷണല്‍ കള്ളന്‍മാരുടെ എല്ലാ തന്ത്രങ്ങളും നടപ്പാക്കിയായിരുന്നു സനീഷിന്റെ മോഷണം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവര്‍ച്ചയെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.

ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. നേരത്തെ സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു.

മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാനാണ് മോഷണം നടത്തിയതെന്ന് സനീഷ് പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സനീഷിനെ റിമാന്‍ഡ് ചെയ്തു.