“കാഫിർ സ്ക്രീൻ ഷോട്ട് സൃഷ്ടിച്ചത് റിബേഷ് അല്ല”; യുഡിഎഫ് മാധ്യമ നുണ പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ


വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ വടകരയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു.

റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയില്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് റിബേഷ് ചെയ്തത്. സ്ക്രീൻ‌ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് പറക്കല്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്. റിബേഷിന് ഡിവൈഎഫ്‌ഐ പൂർണ പിന്തുണ നല്‍കുമെന്നും ഷൈജു പറഞ്ഞു.

ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് ട്രഷറർ ജനീഷ് അധ്യക്ഷത വഹിച്ചു. ടി.പി ഗോപാലൻ മാസ്റ്റർ ബ്ലോക്ക് സെക്രട്ടറി എം.കെ.വികേഷ് എന്നിവർ സംസാരിച്ചു. റിബേഷ് പ്രതിയെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാം നൽകുമെന്ന് ഡി.വൈ.എഫ്‌.ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.