കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി ഒരു നാട് കാത്തിരിക്കുന്നു; വടകര സാന്റ് ബാങ്ക്‌സിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി


വടകര: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന്‌ മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി നടത്തിയ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. രാത്രിയായതോടെയാണ് തെരച്ചില്‍ നിര്‍ത്തിയത്. നാളെ അതിരാവിലെ തന്നെ തെരച്ചില്‍ ആരംഭിക്കുമെന്ന് വടകര തീരദേശ പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. വൈകുന്നേരം നാവികസേനയുടെ ഹെലികോപ്റ്ററും തെരച്ചില്‍ നടത്തിയിരുന്നു. വടകര എംഎൽഎ കെ.കെ രമ, നഗരസഭ ചെയർപഴ്സൻ കെ.പി ബിന്ദു, വടകര തഹസിൽദാർ, വടകര പോലീസ്‌, വില്ലേജ് ഓഫിസർ, അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥർ, കടലോര ജാഗ്രത സമിതിയംഗങ്ങൾ എന്നിവർവടകര സാന്റ് ബാങ്ക്‌സ് പരിസരത്ത് എത്തിയിരുന്നു

ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. വല കടലിലേക്ക് ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോള്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. പിന്നാലെ കൂടെയുണ്ടായിരുന്നയാള്‍ കടലിലിറങ്ങി കയര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. തൊട്ടടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ അടുത്തെത്തിയപ്പോഴേക്കും ഷാഫി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മീന്‍ പിടിക്കാനായി അഞ്ചംഗ സംഘത്തിനൊപ്പമാണ് ഷാഫി എത്തിയത്. വേലിയിറക്കം ഉള്ളപ്പോഴാണ് ഇവര്‍ മീന്‍ പിടിക്കാനിറങ്ങിയത്‌.