‘വിമാന നിരക്കിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം’; പ്രവാസികളുടെ പ്രശ്നങ്ങൾ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍ എം.പി
ന്യൂഡല്‍ഹി: പ്രവാസികളനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് വടകര എം.പി ഷാഫി പറമ്പിൽ. അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണ സമയത്ത് അയ്യായിരമോ ആറായിരമോ കൊടുക്കേണ്ട ടിക്കറ്റിന് അവധിക്കാലത്ത് സ്വന്തം കുടുംബത്തെ കാണാന്‍ വരുമ്പോള്‍ അന്‍പതിനായിരത്തിന് മുകളിലാണ് ഓരോ പ്രവാസിയും നല്‍കേണ്ടി വരുന്നത്. എക്കണോമി ക്ലാസിന് 85,000 വരെ നല്‍കേണ്ടി വരുന്നു. ഇത് ചൂഷണമാണ്. എന്തുവിലകൊടുത്തും തടയേണ്ടതുണ്ട്.
എയര്‍ലൈനുകള്‍ക്കെതിരെ നടപടിയെടുക്കാൻ സര്‍ക്കാരിന് സാധിക്കണം. അങ്ങേയറ്റം ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്.
ഷാഫി പറമ്പില്‍ ഉന്നയിച്ച വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം തന്നെയാണെന്ന് വ്യോമയാനമന്ത്രി കിഞ്ജരാപു രാംമോഹന്‍ നായിഡു പറഞ്ഞു. ടിക്കറ്റ് നിരക്ക് കുറയുകയും എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ സാഹചര്യം ഒരുങ്ങുകയും വേണമെന്നുതന്നെയാണ് ആഗ്രഹം. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ട്. ചട്ടങ്ങള്‍ പലതും കമ്പനികള്‍ക്ക് അനുകൂലമാണ്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കുന്നത് ഉള്‍പ്പെടെ എംപി ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളും പരിശോധിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി. വിഷയത്തില്‍ തുടര്‍ന്നും ഇടപെടലുകള്‍ നടത്തുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു.